ഇന്നില്ല വിരമിക്കൽ- സെറീന!

20220830 095558

ന്യൂയോർക്കിലെ ഫ്ലഷിങ് മെഡോസിൽ, ആർതർ ആഷേ സ്റ്റേഡിയം ഇന്ന് ആളുകളെ കൊണ്ടു തിങ്ങി നിറഞ്ഞിരുന്നു. യുഎസ് ഓപ്പണിൽ ഒരു ഒന്നാം റൗണ്ട് കളി കാണാൻ ഇത്രയും തിരക്ക് ഇതിന് മുൻപ് അനുഭവപ്പെട്ടിട്ടില്ല.

ഇത് ഒരു സാധാരണ കളിയായിരുന്നില്ല, ലോക ടെന്നീസ് റാണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു കളിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റാണ്, പ്രജകൾ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷെ സെറീന നേരിട്ടുള്ള സെറ്റുകൾക്ക് 6/3, 6/3 എന്ന സ്കോറിൽ മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ തകർത്തു കൊണ്ടു വിരമിക്കാൻ സമായമായില്ല എന്ന് വിളിച്ചു പറഞ്ഞു. വിരമിക്കൽ മത്സരം കാണാൻ എത്തിയ കാണികളിൽ ആരും അതിൽ നിരാശരായില്ല. അവർക്ക് സെറീന ഇനിയും തുടർന്ന് കളിക്കുന്നത് കാണാനാണ് ഇഷ്ടം.

20220830 095553

സെറീനയുടെ മകൾ ഒളിമ്പിയ അടക്കമുള്ള കുടുംബാംഗങ്ങൾ സ്റ്റേഡിയത്തിൽ സന്നിഹതരായിരുന്നു. 23000 ത്തിലേറെ കാണികൾക്ക് എന്ന പോലെ അവർക്കും ഇത് ഒരു വികാരനിർഭരമായ നിമിഷങ്ങളായിരുന്നു. ലക്ഷക്കണക്കിന് ചെറിയ പെണ്കുട്ടികളെ ടെന്നീസ് സ്വപ്നം കാണാൻ പ്രേരിപ്പിച്ച ഈ ലോക ചാമ്പ്യൻ കോർട്ടിനോട് വിട പറയുന്നത് സങ്കടം തന്നെയാണ്. പക്ഷെ ഒരു സെറീന ടെന്നീസിനും, സ്പോർട്സിനും, വനിതകൾക്കും കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി കൊടുത്തു കൊണ്ടിരുന്ന പ്രചോദനം വാക്കുകൾക്ക് അതീതമാണ്. യുഎസ് ഓപ്പൺ കഴിഞ്ഞാലും, വിരമിച്ചു മാറി നിന്നാലും, 23 ഗ്രാൻഡ്സ്ലാം വിജയിച്ച ഈ ക്വീൻ ഇനിയും അത് തുടരും എന്ന് തന്നെ പ്രതീക്ഷിക്കാം.