കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐ എസ് എൽ സീസണായുള്ള തങ്ങളുടെ ഏഴാം വിദേശ സൈനിംഗും പൂർത്തിയാക്കുന്നു. സെർബിയയിൽ നിന്നുള്ള മിഡ്ഫീൽഡറായ നികോള ക്രാമറവിച് ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിടാൻ അടുത്തിരിക്കുന്നത്. താരം അഹമ്മദബാദിൽ ഉള്ളതായും മെഡിക്കൽ പൂർത്തിയാക്കിയതായുൻ ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
സ്വീഡിഷ് ക്ലബായ സിറിയൻസ്കയിൽ നിന്നാണ് നികോള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറർ റോളിൽ കളിക്കുന്ന നികോളയുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ പ്രശ്നങ്ങൾക്ക് അവസാനമാക്കും എന്നാണ് കരുതുന്നത്. ഗ്രീക്ക് ക്ലബായ പനെലെഫ്ലിനാകോസ്, സെർബിയൻ ക്ലബായ രാഡ്നിക്ക് തുടങ്ങിയ ക്ലബുകൾക്കും കളിച്ചിട്ടുണ്ട്.
സെർബിയയുടെ അണ്ടർ 19, അണ്ടർ 21 ടീമുകൾക്കായി കളിച്ചിട്ടുണ്ട്. സെർബിയയിൽ നിന്നുള്ള കേരളത്തിന്റെ മൂന്നാം താരമാണ് നികോള. ലാകിച് പെസിച്, സ്ലവിസ സ്റ്റൊഹാനൊവിച് എന്നിവരും സെർബിയയിൽ നിന്നായി ഇപ്പോൾ കേരളത്തിനൊപ്പം ഉണ്ട്. കേരളം ഏഴു വിദേശ താരങ്ങൾ എന്ന ക്വാട്ടയും ഇതോടെ പൂർത്തിയാക്കി. നികോള, ലാകിച് പെസിച്, സ്ലവിസ, സിറിൽ, കിസിറ്റോ, പെകൂസൺ, പൊപ്ലാനിക് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങൾ.