ഒടുവില്‍ ആശ്വാസ വാര്‍ത്തയെത്തി, സാജന്‍ പ്രകാശിന്റെ കുടുംബം സുരക്ഷിതര്‍

ഏഷ്യന്‍ ഗെയിംസിനായി ഇന്തോനേഷ്യയിലെത്തിയെങ്കിലും സാജന്‍ പ്രകാശിന്റെ കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന വാര്‍ത്തയായിരുന്നു ഇതുവരെ താരത്തിനെ അലട്ടിയിരുന്നത്. ഈ പ്രതിസന്ധിയ്ക്കിടയിലും താരം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഫൈനലില്‍ താരത്തിനു അഞ്ചാം സ്ഥാനത്ത് മാത്രമേ എത്തുവാനായുള്ളുവെങ്കിലും ഇപ്പോള്‍ ആശ്വാസ വാര്‍ത്തയാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തില്‍ നിന്ന് താരത്തിന്റെ കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്ന് സാജനെ അദ്ദേഹത്തിന്റെ അമ്മാവന്‍ വിളിച്ചറിയിക്കുകയായിരുന്നു. കുടുംബത്തെക്കുറിച്ചോര്‍ത്ത് തനിക്ക് ഉറങ്ങുവാന്‍ കഴിഞ്ഞിരുന്നില്ലെന്ന് സാജന്‍ നേരത്തെ പറഞ്ഞിരുന്നു. അവിടുള്ളവരാരുമായും ഒരു ബന്ധവും സ്ഥാപിക്കുവാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല.

സാജന്റെ അമ്മ ആദ്യം സാജനെ ഈ വാര്‍ത്തകളൊന്നും അറിയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് സുഹൃത്തുക്കളില്‍ നിന്ന് താരം കേരളത്തിലെ അവസ്ഥയെക്കുറിച്ച് അറിയുകയായിരുന്നു.