ഐലീഗിനെ ഇല്ലാതാക്കാൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും റിലയൻസും ഒക്കെ കൈകോർക്കുമ്പോൾ മറുവശത്ത് ഐ ലീഗുകളുടെ രക്ഷയ്ക്കായി പൊരുതാൻ ഐലീഗ് ക്ലബുകളും തീരുമാനിച്ചിരിക്കുകയാണ്. ഈ സീസണിൽ ഐലീഗിന്റെ ലൈവ് ടെലികാസ്റ്റ് വെട്ടിചുരുക്കാനുള്ള അധികൃതരുടെ തീരുമാനവും ഇതിനോടുള്ള അധികൃതരുടെ പ്രതികരണവും ആണ് ഇങ്ങനെയൊരു സമരത്തിലേക്ക് ഐലീഗ് ക്ലബുകളെ നയിച്ചിരിക്കുന്നത്.
ഈ സീസൺ തുടക്കം മുതൽ തന്നെ ഐലീഗിനായി യാതൊരു പ്രൊമോഷനും ഒരുക്കാതെ എ ഐ എഫ് എഫ് ഐലീഗിനെ ഒതുക്കാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഐലീഗ് മത്സരങ്ങൾ കൂടുതൽ പ്രേക്ഷരെ ആകർഷിച്ചു. ഐലീഗ് മത്സരങ്ങൾ കാണാൻ കാണികൾ സ്റ്റേഡിയങ്ങളിൽ നിറഞ്ഞു. ഐ എസ് എല്ലിനാകട്ടെ നല്ല ഫുട്ബോൾ കാണാൻ കഴിയാത്തതു കൊണ്ട് തന്നെ ആരാധർ കുറയാനും തുടങ്ങി. ഇത് ആണ് ഐലീഗിനെ ഒതുക്കി ഇല്ലാതാക്കാൻ അണിയറയിൽ നീക്കങ്ങൾ നടത്താനുള്ള കാരണം.
ജനുവരിൽ മുതൽ ഐലീഗിലെ പകുതിയോളം മത്സരങ്ങൾ ടെലികാസ്റ്റേ ചെയ്യേണ്ടതില്ല എന്ന് സ്റ്റാർ സ്പോർട്സ് തീരുമാനിച്ചിരുന്നു. ഗോകുലം കേരള എഫ് സിയുടെ ഒക്കെ ഇനി വെറും മൂൻ മത്സരങ്ങൾ മാത്രമേ ഇനി ടെലികാസ്റ്റ് ചെയ്യപ്പെടു. ഇതെന്തിനാണ് ഈ അവഗണന എൻ ചോദിച്ചപ്പോൾ വിചിത്രമായ പ്രതികരണം ആണ് എ ഐ എഫ് എഫ് അധികൃതർ നടത്തിയത്. ഐലീഗ് ഐ എസ് എൽ ക്ലബുകളെ പോലെ തങ്ങൾക്ക് പണം തന്നല്ല കളിക്കുന്നത് എന്നും അതുകൊണ്ട് തന്നെ ഇത്രയൊക്കെയേ പറ്റൂ എന്നുമായിരുന്നു എ ഐ എഫ് എഫ് പ്രതികരണം.
ഇത് ഐലീഗ് ക്ലബുകളെ സമരത്തിലേക്ക് നയിക്കുകയായിരുന്നു. അടുത്ത സീസണോടെ ഐ എസ് എല്ലിനെ ഒന്നാം ലീഗാക്കി മാറ്റാനാണ് എ ഐ എഫ് എഫും റിലയൻസും ശ്രമിക്കുന്നത്. അങ്ങനെ എങ്കിൽ 15 കോടി ഫ്രാഞ്ചൈസി തുകയായി കൊടുക്കാൻ കഴിവില്ലാത്ത ഐലീഗ് ക്ലബുകൾ എന്ത് ചെയ്യുമെന്ന് എ ഐ എഫ് എഫ് വ്യക്തമാക്കിയിട്ടില്ല. ഗോകുലം കേരള എഫ് സി, മിനേർവ പഞ്ചാബ്, നെരോക എഫ് സി തുടങ്ങി ഐലീഗ് ക്ലബുകളെല്ലാം ഇപ്പോൾ ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഉടൻ തന്നെ ക്ലബുകൾ സംയുക്തമായി ഒരു പത്ര സമ്മേളനം ഈ വിഷയത്തിൽ വിളിക്കും എന്ന് മിനേർവ ക്ലബ് ഉടമ രഞ്ജിത്ത് ബജാജ് പറഞ്ഞു.