12 വര്‍ഷം രാജ്യത്തെ പ്രതിനിധീകരിച്ച ശേഷം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് വിരമിച്ച് സര്‍ദാര്‍ സിംഗ്. ഇനി പുതു തലമുറയുടേതാണെന്ന് പറഞ്ഞ ശേഷമാണ് സര്‍ദാര്‍ സിംഗിന്റെ വിരമിക്കല്‍. ഏഷ്യന്‍ ഗെയിംസ് 2018ല്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ഈ സീനിയര്‍ താരം. 350 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരം ഇപ്പോളും ടീമിലെ ഏറ്റവും ഫിറ്റ് താരമായിരുന്നു. 32ാം വയസ്സിലും ഹോക്കി ടീമിലെ ഏറ്റവും ഫിറ്റ് താരമായിരുന്ന സര്‍ദാര്‍ സിംഗ് ഏഷ്യന്‍ ഗെയിംസിനു മുമ്പുള്ള യോ-യോ ടെസ്റ്റില്‍ 21.4 എന്ന സ്കോര്‍ സ്വന്തമാക്കിയിരുന്നു.
തനിക്ക് വേണമെങ്കില്‍ തുടര്‍ന്നും രണ്ട് -മൂന്ന് വര്‍ഷം ഹക്കി കളിക്കാമായിരുന്നു. എന്നാല്‍ എല്ലാത്തിനും ഒരിക്കല്‍ ഒരവസാനം ആവശ്യമാണ്. ഇതാണ് ഏറ്റവും മികച്ച സമയമെന്ന് തനിക്ക് തോന്നുന്നുവെന്നും സര്‍ദാര്‍ സിംഗ് പറഞ്ഞു. തന്റെ തീരുമാനം ഹോക്കി ഇന്ത്യയെയും ദേശീയ കോച്ച് ഹരേന്ദ്ര സിംഗിനെയും അറിയിച്ചിട്ടുണ്ടെന്ന് സര്‍ദാര്‍ സിംഗ് പറഞ്ഞു.