ഈ സീസണിൽ സഞ്ജു സാംസൺ നേടിയ മൂന്ന് മികച്ച സ്കോറുകളിലും ടീം പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തിൽ 119 റൺസ് നേടിയ താരം അവസാന പന്തിൽ 5 റൺസ് നേടേണ്ട ഘട്ടത്തിൽ ഔട്ട് ആയപ്പോള്‍ ടീം 5 റൺസ് തോല്‍വിയിലേക്ക് വീണു.
യുഎഇയിലേക്ക് മത്സരം ഒരിടവേളയ്ക്ക് ശേഷം വന്നപ്പോള്‍ രണ്ട് തകര്‍പ്പന്‍ ഇന്നിംഗ്സുകള്‍ സഞ്ജു പുറത്തെടുത്തുവെങ്കിലും ഇരു മത്സരങ്ങളിലും ടീം പരാജയമേറ്റു വാങ്ങി.
ഡല്‍ഹിയ്ക്കെതിരെ 53 പന്തിൽ പുറത്താകാതെ 70 റൺസ് താരം നേടിയപ്പോള്‍ ഇന്നലെ സൺറൈസേഴ്സിനെതിരെ 57 പന്തിൽ 82 റൺസാണ് നേടിയത്. രാജസ്ഥാന്റെ മറ്റു താരങ്ങളില്‍ നിന്ന് കാര്യമായ പ്രകടനങ്ങളൊന്നും പിറക്കാതെ പോയതാണ് ബാറ്റിംഗ് ദൗത്യം സഞ്ജുവിന്റെ ചുമലിൽ മാത്രമായി മാറുന്ന കാഴ്ചയാണ് കണ്ടത്.
ജോസ് ബട്‍ലറുടെയും ബെന്‍ സ്റ്റോക്സിന്റെയും അഭാവത്തിൽ പകരക്കാരായി ടീമിലെത്തിയ എവിന്‍ ലൂയിസിനും ലിയാം ലിവിംഗ്സ്റ്റണിനും കാര്യമായ ഒരു സംഭാവനയും നല്‍കാന്‍ ആയിട്ടില്ല. എവിന്‍ ലൂയിസ് യുഎഇയിലെത്തി ശേഷമുള്ള ആദ്യ മത്സരത്തിൽ ചില പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം മത്സരത്തിൽ താരം കളിച്ചില്ല. മൂന്നാം മത്സരത്തിൽ താരം വേഗം പുറത്താകുകയും ചെയ്തു.
അതേ സമയം ടി20 ക്രിക്കറ്റിലെ ഇപ്പോളത്തെ ഏറ്റവും വലിയ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിയാം ലിവിംഗ്സ്റ്റൺ മൂന്ന് മത്സരങ്ങളിലും പരാജയം ആയിരുന്നു.
ഇന്ത്യന്‍ താരങ്ങളിൽ യുവ താരം യശസ്വി ജൈസ്വാലാണ് പ്രതീക്ഷ നല്‍കുന്ന ഏക താരം. മഹിപാൽ ലോംറോര്‍ ചെറിയ കാമിയോകളുമായി ടീമിന് പിന്തുണയേകുന്നുണ്ടെങ്കിലും ഈ രണ്ട് താരങ്ങളില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് വന്നാലെ സഞ്ജുവിന് അത് ആശ്വാസമാകുള്ളു.
റിയാന്‍ പരാഗും രാഹുല്‍ തെവാത്തിയയും അടങ്ങുന്ന മറ്റു താരങ്ങള്‍ക്ക് മുന്‍ സീസണുകളിലെ പ്രകടനം പുറത്തെടുക്കുവാനാകാതെ പോകുന്നതും തിരിച്ചടിയായി മാറിയിട്ടുണ്ട്.
ഡല്‍ഹിയ്ക്കെതിരെ സഞ്ജു 70 റൺസ് നേടിയപ്പോള്‍ മറ്റൊരു താരവും 20ന് മേലെയുള്ള സ്കോര്‍ നേടിയില്ല. 155 റൺസ് ചേസ് ചെയ്ത ടീമിന് എത്തുവാന്‍ സാധിച്ചത് 121 റൺസ് മാത്രമാണ്. പഞ്ചാബിനെതിരെ രണ്ടാം പതിപ്പിലെ ആദ്യ മത്സരം വിജയിച്ച ടീമിന് എന്നാൽ പിന്നീട് ജയിക്കാവുന്ന രണ്ട് മത്സരങ്ങളിൽ സഞ്ജു ഒഴികെയുള്ള ബാറ്റ്സ്മാന്മാര്‍ കൈവിട്ടതോടെ രാജസ്ഥാന്‍ തോല്‍വിയിലേക്ക് വീണു.
അതേ സമയം സൺറൈസേഴ്സിനെതിരെ അവസാന മൂന്നോവറുകളിൽ സഞ്ജുവിനും വലിയ ഷോട്ടുകള്‍ നേടുവാന്‍ സാധിക്കാതെ പോയതും ടീമിന് വലിയ സ്കോറെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് തടസ്സമായി. റഷീദ് ഖാനെയും സിദ്ധാര്‍ത്ഥ് കൗളിനെയും തിരഞ്ഞ് പിടിച്ചടിച്ച സഞ്ജു അവസാന ഓവറിൽ പുറത്തായപ്പോള്‍ അവസാന മൂന്നോവറിൽ സൺറൈസേഴ്സ് വിട്ട് നല്‍കിയത് 18 റൺസ് മാത്രമാണ്.
രാജസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല, എന്നാൽ ടീം പ്ലേ ഓഫിലേക്ക് യോഗ്യത നേടുവാന്‍ സഹായത്തിനായി ഉറ്റു നോക്കുന്നത് ക്യാപ്റ്റനിലേക്കാണ്. സഞ്ജുവിനാകട്ടെ സഹായത്തിനായി ആരുമില്ല താനും.