കേരള ബ്ലാസ്റ്റേഴ്‌സ് ലുലു ഗ്രൂപ്പിന് വിറ്റെന്ന വാർത്തക്ക് പിന്നാലെ അത് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിൻ ടെണ്ടുൽക്കർ. ഇതോടെ ക്ലബ്ബിന്റെ തുടക്കം മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന സച്ചിൻ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്സിന്റെ 20 ശതമാനം ഓഹരികളാണ് സച്ചിന് ഉണ്ടായിരുന്നത്.
“കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് തന്റെ ഹൃദയത്തിന്റെ ഒരു കഷ്ണമാണെന്നും താൻ എപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യുകയും ചെയ്യും” സച്ചിൻ പറഞ്ഞു.
കഴിഞ്ഞ നാല് വർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നെന്നും മറ്റ് ഏതൊരു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനെ പോലെയും എല്ലാം വികാരങ്ങളും ഈ കാലയളവിൽ തനിക്ക് ഉണ്ടായിരുന്നെന്നും സച്ചിൻ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ തുടക്കം മുതൽ ഒപ്പമുള്ള സച്ചിന്റെ പിൻമാറ്റം ആരാധകർ എങ്ങനെ നോക്കി കാണുമെന്ന് കാത്തിരുന്ന് കാണാം. സച്ചിന്റെ 20 ശതമാനം ഓഹരിക്ക് പുറമെ ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പിനായിരുന്നു ബാക്കിയുള്ള 80% ഓഹരികളുടെ ഉടമസ്ഥാവകാശം. ലുലു ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് മുഴുവൻ ലുലു ഗ്രൂപ്പിന്റേതാവും.