ആസാമിനെതിരെയും റുതുരാജ് വെടിക്കെട്ട്, കൂറ്റന്‍ സ്കോര്‍ നേടി മഹാരാഷ്ട്ര

Ruturajgaikwad

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിലും തന്റെ ബാറ്റിംഗ് മികവ് പുറത്തെടുത്ത് റുതുരാജ് ഗായക്വാഡ്. ഇന്ന് ആസാമിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 350 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. റുതുരാജ് 126 പന്തിൽ 168 റൺസ് നേടിയപ്പോള്‍ അങ്കിത് ഭാവനെയും 110 റൺസ് നേടി മികച്ച സ്കോറിലേക്ക് മഹാരാഷ്ട്രയെ നയിച്ചു.

സത്യജീത് ബച്ചാവ് 41 റൺസ് നേടി പുറത്തായി. തുടക്കത്തിൽ തന്നെ രാഹുല്‍ ത്രിപാഠിയെ നഷ്ടമായ ശേഷം ബച്ചാവിനൊപ്പം രണ്ടാം വിക്കറ്റിൽ 68 റൺസാണ് റുതുരാജ് കൂട്ടിചേര്‍ത്തത്. പിന്നീട് അങ്കിതിനൊപ്പം 207 റൺസ് കൂട്ടുകെട്ടിനൊടുവിൽ റിയാന്‍ പരാഗ് ആണ് റുതുരാജിനെ പുറത്താക്കിയത്. 18 ഫോറും 6 സിക്സും അടങ്ങിയതായിരുന്നു റുതുരാജിന്റെ ഇന്നിംഗ്സ്.

അങ്കിത് 81 പന്തിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം 89 പന്തിൽ 110 റൺസ് നേടി പുറത്താകുകയായിരുന്നു. ആസാമിന് വേണ്ടി മുക്താര്‍ ഹുസൈന്‍ 3 വിക്കറ്റ് നേടി.