റഷ്യൻ ലോകകപ്പ് പോരാട്ടം ഇനി നാല് ടീമുകളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. 32 ടീമുകൾ ഇറങ്ങിയ പോരിൽ ഇനി നാലു പേരുടെ പ്രതീക്ഷ മാത്രം ബാക്കി എന്നും പറയാം. ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവരാണ് ഇനി ലോകകപ്പ് പോരിൽ ബാക്കിയുള്ളത്. ഈ നാലിൽ രണ്ട് ടീമുകൾ ഇതുവരെ ലോകകപ്പ് കിരീടം ഉയർത്താത്തവരുമാണ്. ആദ്യ സെമിയിൽ ബെൽജിയം ഫ്രാൻസിനെയും, രണ്ടാം സെമിയിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയേയും നേരിടും.
ബെൽജിയം;
ഈ ലോകകപ്പിൽ ചാമ്പ്യന്മാരെ പോലെ ഇതുവരെ കളിച്ചത് ബെൽജിയം മാത്രമായിരുന്നു. ഗ്രൂപ്പ് ഘട്ടം മുതൽ ഇങ്ങോട്ട് എല്ലാ മത്സരങ്ങളിലും വിജയം. ഗ്രൂപ്പിൽ ഇംഗ്ലണ്ടും, ക്വാർട്ടറിൽ ബ്രസീലും ഒക്കെ ബെൽജിയത്തിന്റെ മുന്നിൽ തടസ്സങ്ങളായി വന്നു എങ്കിലും എല്ലാം മറികടന്നാണ് ബെൽജിയം സെമിയിൽ എത്തിയിരിക്കുനത്. 1986ന് ശേഷം ബെൽജിയത്തിന്റെ ആദ്യ സെമിയാണ് ഇത്. ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചതും ബെൽജിയമാണ്.
ഫ്രാൻസ്;
ഗ്രൂപ്പ് ഘട്ടം മുതൽ വൻ പ്രകടനങ്ങൾ ഒന്നുമല്ല ഫ്രാൻസ് നടത്തിയത് എങ്കിലും ഫ്രാൻസ് ഇതുവരെ എല്ലാ കടമ്പകളും കടന്നു. റഷ്യയിലേക്ക് വന്നവരിൽ കിരീട പ്രതീക്ഷ കൽപ്പിച്ച വമ്പന്മാരിൽ ഫ്രാൻസ് മാത്രമെ അവശേഷിക്കുന്നുമുള്ളൂ. ഗ്രൂപ്പിൽ ഡെന്മാർക്കിനോട് വഴങ്ങിയ സമനില മാത്രമെ നിരാശപ്പെടുത്തിയുള്ളൂ. പ്രീക്വാർട്ടറിൽ മെസ്സിയേയും അർജന്റീനയേയും നാട്ടിലേക്ക് മടക്കിയത് ഫ്രാൻസ് ആണ്. ക്വാർട്ടറിൽ ഉറുഗ്വേയുടെ കരുത്തുറ്റ ഡിഫൻസിനെയും ഫ്രാൻസ് മറികടന്നു. രണ്ടാം ലോകകപ്പ് കിരീടമാണ് ഫ്രാൻസിന്റെ ലക്ഷ്യം.
ഇംഗ്ലണ്ട്;
ഇംഗ്ലണ്ടിനും ഇംഗ്ലീഷ് ആരാധകർക്കും ഇതൊരു സ്വപ്ന ലോകകപ്പാണ്. കെയ്നും സംഘവും ലോകകപ്പിനെ ഫുട്ബോളിന്റെ ജന്മ നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങി തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം നിര ടീമിനെ ഇറക്കിയപ്പോൾ ബെൽജിയത്തോട് പരാജയപ്പെട്ടത് ഒഴിച്ചാൽ ഇംഗ്ലണ്ട് എല്ലാ കളിയിലും മികച്ചു നിന്നു. കെയ്നിന്റെ ഗോളടിയും സെറ്റ് പീസുകളിലെ മികവും ആണ് ഇംഗ്ലണ്ടിന്റെ കരുത്ത്.
ക്രൊയേഷ്യ:
മോഡ്രിചിന്റെയും റാകിറ്റിചിന്റെയും ടീമായാണ് റഷ്യയിൽ ക്രൊയേഷ്യ എത്തിയത്. ആ രണ്ട് താരങ്ങൾ അവരുടെ മികവ് എന്താണെന്ന് റഷ്യയിൽ കാണിച്ചതിന്റെ ഫലമാണ് ഈ സെമി ഫൈനൽ. വമ്പന്മാരെ ഒക്കെ മറികടന്ന് സെമിവരെ ക്രൊയേഷ്യ എത്തുമെന്ന് ആരും പ്രവചിച്ചതല്ല. അർജന്റീനയെ നാണംകെടുത്തിയ ഒരൊറ്റ പ്രകടനം മതി ക്രൊയേഷ്യയുടെ കരുത്ത് അറിയാൻ. പ്രീ ക്വാർട്ടറിൽ നാടകീയമായ പെനാൽറ്റി ഷൂട്ടൗറ്റ്യും മറികടന്ന് വന്ന ക്രൊയേഷ്യ ക്വാർട്ടറിൽ റഷ്യൻ മണ്ണിൽ റഷ്യയെയും വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial