റുപേ പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസ് പൊരുതിത്തോറ്റു, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഫൈനലില്‍

Newsroom

Img 20220225 Wa0029
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 25 ഫെബ്രുവരി 2022: ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സെമിയില്‍ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഫൈനലില്‍. സ്‌കോര്‍ 16-14, 15-10, 17-15. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനിത് കുമാറാണ് കളിയിലെ താരം. 2022 ഫെബ്രുവരി 27ന് (ഞായറാഴ്ച) നടക്കുന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ഫൈനലില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും.

ആദ്യസെറ്റില്‍ കാലിക്കറ്റാണ് ലീഡെടുത്തത്. ക്യാപ്റ്റന്‍ ജെറോം വിനിത് ഗംഭീരമായ സ്‌പൈക്കുകള്‍ സൃഷ്ടിച്ചതോടെ ഹീറോസ് 12-8ന് ലീഡ് നേടി. എന്നാല്‍, തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനിത് കുമാറും മാത്യു അഗസ്റ്റും തങ്ങളുടെ മിന്നും പ്രകടനം പുറത്തെടുത്ത് സ്‌കോര്‍ 12-12ന് സമനിലയിലാക്കി. അതിനുശേഷം, ഇരുടീമുകളും തകര്‍പ്പന്‍ പോരാട്ടം നടത്തി, രാഹുലിന്റെ ഗംഭീരമായ ഒരു സെര്‍വിലൂടെ 16-14ന് കൊല്‍ക്കത്ത സെറ്റ് അവസാനിപ്പിച്ചു.

രണ്ടാം സെറ്റില്‍ മാത്യു അഗസ്റ്റും രാഹുലും ഉജ്ജ്വലമായ സ്‌പൈക്കുകള്‍ നടത്തി, തണ്ടര്‍ബോള്‍ട്ട് 10-7ന് മുന്നിലെത്തി. ഹീറോസിനെ മത്സരത്തില്‍ നിലനിര്‍ത്താന്‍ ജെറോം വിനിതിന്റെ ശ്രമം. എന്നാല്‍ അഗസിന്റെ ഒരു മികച്ച ബ്ലോക്ക് കൊല്‍ക്കത്തയെ ഒരു സൂപ്പര്‍ പോയിന്റ് നേടാനും 14-9ന് വന്‍ ലീഡ് നേടാനും സഹായിച്ചു. രണ്ടാം സെറ്റ് 15-10ന് അവസാനിപ്പിച്ച് തണ്ടര്‍ബോള്‍ട്ട്‌സ് മത്സരത്തില്‍ 2-0ന്റെ ലീഡ് നേടി.
Img 20220225 Wa0032

മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ഹീറോസ് തിരിച്ചുവരവ് നടത്തി. ജെറോമും ഡേവിഡ് ലീയും തലയുയര്‍ത്തി നിന്നതോടെ കാലിക്കറ്റ് 7-0ന് വന്‍ ലീഡ് നേടി. കൊല്‍ക്കത്ത പതിയെ തിരിച്ചുവന്നു. രാഹുലിന്റെ രണ്ട് സൂപ്പര്‍ സെര്‍വുകള്‍ കൊല്‍ക്കത്തയെ സ്‌കോര്‍ 11-11ന് സമനിലയിലാക്കാന്‍ സഹായിച്ചു. എന്നാല്‍ ജെറോമിന്റെ സ്‌പൈക്കും, ലീയുടെ ബ്ലോക്കും 13-12ന് ഹീറോസിന്റെ ലീഡ് നിലനിര്‍ത്തി. അഗസ്റ്റിന്റെ പ്രകടനത്തില്‍ കാലിക്കറ്റ് വിറച്ചു, കൊല്‍ക്കത്തയ്ക്ക് 15-14ന് മാച്ച് പോയിന്റ് ലഭിച്ചു. ഒരു മാച്ച് പോയിന്റ് സേവ് ചെയ്ത ഹീറോസ് കൊല്‍ക്കത്തയുടെ വിജയം നീട്ടിയെങ്കിലും സ്‌കോര്‍ 16-15ല്‍ നില്‍ക്കെ തണ്ടര്‍ബോള്‍ട്ട്‌സിന് അനുകൂലമായ റിവ്യൂ ലഭിച്ചു. 17-15ന് സെറ്റ് അവസാനിപ്പിച്ച അവര്‍ പ്രഥമ റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ കലാശക്കളിക്കും യോഗ്യത നേടി.

2022 ഫെബ്രുവരി 27 ഞായറാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും.