വിംബിൾഡണിൽ ഉക്രൈൻ യുദ്ധത്തിന്റെ ഫലമായി റഷ്യൻ, ബലാറസ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ വിലക്കിയ തീരുമാനത്തിന് എതിരെ വികാരപരമായി പ്രതികരിച്ചു റഷ്യൻ താരവും ഏഴാം റാങ്കുകാരനുമായ ആന്ദ്ര റൂബ്ലേവ്. രാഷ്ട്രീയം പറയാനില്ല അത് താൻ ശ്രദ്ധിക്കാറില്ല അതിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് വിംബിൾഡൺ വിലക്കിനെ കുറിച്ച് റൂബ്ലേവ് പ്രതികരിച്ചു തുടങ്ങിയത്. താൻ അത്ര വിദ്യാഭ്യാസം ഉള്ള ആൾ അല്ലാത്തത് കൊണ്ടു തന്റെ വാക്കുകളും വാദങ്ങളും അത്ര മികച്ചത് ആവണം എന്നില്ല എന്നും താരം ആമുഖം ആയിട്ട് പറയുന്നുണ്ട്. വിംബിൾഡൺ തങ്ങളെ വിലക്കിയ തീരുമാനം ഫോണിലൂടെ അറിയിച്ചപ്പോൾ താൻ ഞെട്ടി എന്നു പറഞ്ഞ താരം വിലക്കാനുള്ള അവരുടെ കാരണങ്ങൾക്ക് ഒരു ന്യായവും ഇല്ലെന്നു തുറന്നടിച്ചു. വിംബിൾഡൺ മുന്നോട്ട് വച്ച വിലക്കിന് ഒരു യുക്തിയും തനിക്ക് കണ്ടത്താൻ ആയില്ല എന്നും താരം പറഞ്ഞു.
റഷ്യൻ ബലാറസ് താരങ്ങളെ വിലക്കിയത് കൊണ്ട് നിലവിലെ സാഹചര്യത്തിൽ എന്ത് മാറ്റം ആണ് ഉണ്ടാവുക എന്നും താരം ചോദിച്ചു. യുദ്ധം അതേപോലെ നടക്കുക ആണ് എന്നു ഓർമ്മിപ്പിച്ച താരം തങ്ങൾക്ക് എതിരെ നടക്കുന്നത് കടുത്ത വിവേചനം ആണെന്നും പറഞ്ഞു. ഇത് ജനാധിപത്യ ലംഘനം ആണ് എന്നും താരം ആരോപിച്ചു. തങ്ങൾക്ക് കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം എങ്കിലും വിംബിൾഡണിനു നൽകാം ആയിരുന്നു എന്ന് താരം പറഞ്ഞു. ഈ തീരുമാനങ്ങൾ ഒരു തരത്തിലും യുക്തിക്ക് നിരക്കുന്നത് അല്ല എന്ന വാദം റൂബ്ലേവ് വീണ്ടും വീണ്ടും ആവർത്തിച്ചു. തങ്ങളെ കളിക്കാൻ അനുവദിച്ചു ലഭിക്കുന്ന പണം മുഴുവൻ മനുഷ്യാവകാശ പ്രവർത്തനത്തിന് നൽകാനും തങ്ങൾ തയ്യാർ ആണെന്ന് താരം പറഞ്ഞു. ബ്രിട്ടീഷ് സർക്കാരിന് മാറ്റം വരണം എന്നും ലോകത്തെ സഹായിക്കണം ആയിരുന്നു ഉദ്ദേശം എങ്കിൽ തങ്ങളെ കളിക്കാൻ അനുവദിച്ചു വിജയികൾക്ക് ലഭിക്കുന്ന പണം പാവപ്പെട്ട കുട്ടികൾക്ക് അടക്കം നൽകുന്ന രീതി സ്വീകരിക്കാം ആയിരുന്നില്ലേ എന്നു റൂബ്ലേവ് ചോദിച്ചു.
വലിയ തുക ഇങ്ങനെ സംഭാവന ചെയ്താൽ അത് ടെന്നീസിന്റെയും വിംബിൾഡണിന്റെയും യശസ്സ് ഉയർത്തില്ലേ എന്നും താരം ചോദിച്ചു. തങ്ങൾക്ക് ഇതിൽ ഒരു യശസ്സും ആവശ്യമില്ലെന്നു പറഞ്ഞ റൂബ്ലേവ് ടെന്നീസ് താരങ്ങളെ ആരും പരിഗണിക്കുന്നില്ലെന്നും തുറന്ന് പറഞ്ഞു. തനിക്ക് രാഷ്ട്രീയം പറയാനില്ലന്നും അതിനെപറ്റി ഒന്നും അറിയില്ല എന്നും ആവർത്തിച്ചു പറഞ്ഞ താരം തനിക്ക് ടെന്നീസ് കളിക്കണം എന്നു മാത്രം ആണ് ഉള്ളത് എന്നും വ്യക്തമാക്കി. താൻ റഷ്യയിൽ ജനിച്ച റഷ്യയിൽ വളർന്ന ഒരു റഷ്യക്കാരൻ ആണെന്ന് പറഞ്ഞ റൂബ്ലേവ് തങ്ങൾ നല്ല മനുഷ്യർ ആണ് എന്ന് ലോകത്തിനു കാണിക്കണം എന്നും തനിക്ക് ഉണ്ടെന്നും വ്യക്തമാക്കി. ഇനി എന്തെങ്കിലും ലോകത്തിനു തന്നെ പഠിപ്പിക്കാൻ ഉണ്ടെങ്കിൽ ടെന്നീസിന് ആയി അത് ചെയ്യാനും താൻ തയ്യാറാണെന്നും താരം വ്യക്തമാക്കി. നിലവിൽ നിരവധി കോണിൽ നിന്നു വലിയ വിമർശനം ആണ് റഷ്യൻ, ബലാറസ് താരങ്ങളെ വിലക്കിയ വിംബിൾഡണിന്റെ തീരുമാനത്തിന് ലഭിക്കുന്നത്.