മികച്ച സ്കോറിലേക്ക് മുന്നേറുകയായിരുന്നു കേരളത്തിനു വീണ്ടും വിഘ്നം സൃഷ്ടിച്ച് ഗുജറാത്ത്. 96/5 എന്ന നിലയില്‍ നിന്ന് 53 റണ്‍സ് കൂട്ടുകെട്ട് നേടി കേരളത്തിനെ 200നടുത്ത് സ്കോറിലേക്ക് സിജോമോന്‍ ജോസഫും-ജലജ് സക്സേനയും നയിക്കുമെന്ന സ്ഥിതിയില്‍ നിന്ന് അടുത്തടുത്ത പന്തില്‍ രണ്ട് വിക്കറ്റുകളുമായി കേരളത്തിനു കടിഞ്ഞാണിടുകയായിരുന്നു റൂഷ് കലാരിയ.
149/5 എന്ന നിലയില്‍ നിന്ന് 149/7 എന്ന നിലയിലേക്ക് കേരളം രണ്ട് പന്തുകള്‍ക്കുള്ളില്‍ വീഴുകയായിരുന്നു. 56 റണ്‍സാണ് സിജോമോന്‍ നേടിയത്. 148 പന്തുകള്‍ പൊരുതി നിന്ന ശേഷമായിരുന്നു സിജോമോന്‍ ജോസഫ് പുറത്തായത്. തൊട്ടടുത്ത പന്തില്‍ ബേസില്‍ തമ്പിയെയും പുറത്താക്കി കലാരിയ കേരളത്തിന്റെ സ്ഥിതി കൂടുതല്‍ പരങ്ങലിലാക്കി. തന്റെ ്അടുത്ത ഓവറില്‍ നിധീഷിനെ പുറത്താക്കിയതോടെ കേരളം ഓള്‍ഔട്ട് ഭീഷണിയിലുമായി.
171 റണ്‍സിനു കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ജലജ് സക്സേന പുറത്താകാതെ 44 റണ്‍സുമായി നിന്നപ്പോള്‍ ഒമ്പതാം വിക്കറ്റായി സന്ദീപ് വാര്യറെ പിയൂഷ് ചൗള പുറത്താക്കി. 14 റണ്‍സ് നേടുന്നതിനിടെയാണ് കേരളത്തിന്റെ അവസാന നാല് വിക്കറ്റുകള്‍ വീണത്.
ആദ്യം ബാറ്റിംഗിനിറങ്ങുമെന്ന് കരുതിയിരുന്നില്ലെങ്കിലും പരിക്കേറ്റ സഞ്ജു സാംസണ്‍ ക്രീസിലെത്തിയതോടെ കേരള ഇന്നിംഗ്സിനു അല്പം കൂടി ദൈര്‍ഘ്യം ലഭിയ്ക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ 8 റണ്‍സ് മാത്രമേ കേരളത്തിനു നേടാനായുള്ളുവെങ്കിലും 194 റണ്‍സിന്റെ ലീഡ് ടീമിനു ലഭിച്ചു. റണ്ണൊന്നുമെടുക്കാതെ സഞ്ജു അക്സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കടുങ്ങി പുറത്താകുകയായിരുന്നു.
ദിവസത്തെ അവസാന ഓവറില്‍ സഞ്ജു പുറത്തായതോടെ അടുത്ത ദിവസത്തേക്ക് കളികൊണ്ടെത്തിക്കാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ തകരുകയായിരുന്നു. ഗൂജറാത്തിനു വേണ്ടി റൂഷ് കലാരിയയും അക്സര്‍ പട്ടേലും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാഗവാസ്വല്ല രണ്ട് വിക്കറ്റ് നേടി.