ഇന്ന് പ്രീമിയർ ലീഗിൽ വലിയ ക്ലബുകൾക്ക് എല്ലാം രക്ഷയ്ക്ക് പെനാൾട്ടി എത്തുന്നതാണ് കാണാൻ കഴിഞ്ഞത്. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ചെൽസിയും എല്ലാം പെനാൾട്ടിയുടെ ബലത്തിൽ വിജയിച്ച രാത്രിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷയ്ക്കും പെനാൾട്ടി എത്തി. ഇന്ന് നോർവിചിന്റെ ശക്തമായ പോരാട്ടം മറികടന്ന ഏക ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയിച്ചത്.
ക്രിസ്റ്റൽ പാലസിന് എതിരെ ഇറങ്ങിയ അതേ ഇലവനുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോർവിചിന് എതിരെ ഇറങ്ങിയത്. പക്ഷെ പാലസിൽ കണ്ട അത്ര താളത്തോടെ അല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളി ആരംഭിച്ചത്. നോർവിചിന് എതിരെ നല്ല അവസരം സൃഷ്ടിക്കാൻ യുണൈറ്റഡ് കഷ്ടപ്പെട്ടു. ആദ്യ പകുതിയിൽ അലക്സ് ടെല്ലസിന്റെ ഒരു ഫ്രീകിക് നോർവിച് പോസ്റ്റിൽ തട്ടി പുറത്ത് പോയി. ഇത് കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ഷോട്ടിൽ നിന്നും മഗ്വയറിന്റെ ഒരു ഹെഡറിൽ നിന്നും ടിം ക്രുൽ മികച്ച രണ്ട് സേവുകൾ നടത്തി ആദ്യ പകുതിയിൽ കളി 0-0 എന്ന നിലയിൽ തന്നെ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിലും യുണൈറ്റഡ് നല്ല പാസുകൾ നടത്താൻ പ്രയാസപ്പെട്ടു. മറുവശത്ത് 57ആം മിനുട്ടിൽ പുക്കിയുടെ ഒരു ഇടം കാലൻ ഷോട്ട് ഫുൾ സ്ട്രെച്ചിലൂടെ ഡിഹിയ സേവ് ചെയ്തു. കളി കൈവിട്ട് പോകും എന്ന് ഭയന്ന റാൾഫ് സാഞ്ചോയെ പിൻവലിച്ച് ഗ്രീൻവുഡിനെ കളത്തിൽ ഇറക്കി.
കളിയുടെ 72ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീഴ്ത്തിയതിന് യുണൈറ്റഡിന് പെനാൾട്ടി ലഭിച്ചു. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റൊണാൾഡോ യുണൈറ്റഡിനെ സമനിലപ്പൂട്ടിൽ നിന്ന് രക്ഷിച്ചു. റൊണാൾഡോയുടെ ഈ സീസണിലെ ഏഴാമത്തെ ലീഗ് ഗോളാണിത്.
76ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് ഒരു അവസരം നോർവിചിന് ലഭിച്ചു. കബാകിന്റെ ഹെഡർ ലോകോത്തര സേവിലൂടെ ഡി ഹിയ തടഞ്ഞത് സ്കോർ 1-0 തന്നെ ആക്കി നിർത്തി. 93ആം മിനുട്ടിൽ തന്റെ നിയർ പോസ്റ്റിലിം ഡി ഹിയ നല്ല ഒരു സേവ് നടത്തി. നിരവധി അവസരങ്ങൾ കളിയുടെ അവസാനം നോർവിച് സൃഷ്ടിച്ചു എങ്കിലും ഭാഗ്യം അവർക്ക് ഒപ്പം നിന്നില്ല.
ഈ വിജയത്തോടെ 27 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. നാലാമതുള്ള വെസ്റ്റ് ഹാമിനും 27 പോയിന്റാണ്. നോർവിച് ഈ പരാജയത്തോടെ ലീഗിൽ അവസാന സ്ഥാനത്ത് തന്നെ തുടരും.