പത്തു പേരുമായി കളിച്ച ഗോവയും ബെംഗളൂരുവിനെ തോൽപ്പിച്ചു

20211211 234618

ബെംഗളൂരു എഫ് സിയുടെ ഈ സീസൺ ദുരിതമായി തന്നെ തുടരുന്നു. ഇന്ന് എഫ് സി ഗോവയും ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ മത്സരത്തിൽ 40 മിനുട്ടോളം പത്തു പേരുമായി കളിച്ചാണ് ഗോവ 2-1ന്റെ വിജയം സ്വന്തമാക്കിയത്. ഇന്ന് മത്സരത്തിന്റെ 16ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ഗോവ ആണ് ലീഡ് എടുത്തത്. ആഷിഖ് കുരുണിയനായിരുന്നു സെൽഫ് ഗോൾ വഴങ്ങിയത്. താരത്തിന്റെ ബൂട്ടിൽ നിന്ന് ഈ സീസണിൽ പിറക്കുന്ന രണ്ടാം സെൽഫ് ഗോളായി ഇത്.

ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്കിൽ നിന്ന് മനോഹരമായി ക്ലൈറ്റൻ സിൽവ ബെംഗളൂരു എഫ് സിക്ക് സമനില നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു ഗോവ താരം ഓർടിസ് ചുവപ്പ് കാർഡ് വാങ്ങിയത്. ബെംഗളൂരു യുവതാരം സുരേഷിനെ തള്ളിയതിനായിരുന്നു ഓർടിസിന് ചുവപ്പ് കാർഡ് കിട്ടിയത്. പക്ഷെ ഒരാളുടെ മുൻതൂക്കം ബെംഗളൂരുവിന് മുതലെടുക്കാൻ ആയില്ല. 70ആം മിനുട്ടിൽ 22കാരൻ ദേവേന്ദ്രയിലൂടെ എഫ് സി ഗോവ ലീഡ് എടുത്തു.

84ആം മിനുട്ടിൽ സുരേഷ് ചുവപ്പ് കണ്ട് പുറത്തായതോടെ ബെംഗളൂരുവും 10പേരായി ചുരുങ്ങി. ബെംഗളൂരു പോരാട്ടം ഇതോടെ അവസാനിച്ചു. ഈ ജയത്തോടെ ഗോവ 6 പോയിന്റുമായി ഏഴാം സ്ഥാനത്ത് എത്തി. നാലു പോയിന്റ് മാത്രമുള്ള ബെംഗളൂരു പത്താം സ്ഥാനത്താണ് ഉള്ളത്.

Previous articleബയേണ് വിജയം, ഡോർട്മുണ്ടിന് സമനില
Next articleഡി ഹിയ വല കാത്തു, റൊണാൾഡോ പെനാൾട്ടിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിചിൽ നിന്ന് രക്ഷപ്പെട്ടു