ടെൻ ഹാഗിന് കീഴിൽ നല്ല ഫുട്ബോൾ കളിച്ചു ശീലിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നല്ല വിജയം കൂടെ സ്വന്തമാക്കി. ഇന്ന് യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ ഷെറിഫിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി. ഓൾഡ്റ്റ്രഫോർഡിൽ നടന്ന മത്സരത്തിൽ മികച്ച അറ്റാക്കിംഗ് ഗെയിം പുറത്തെടുത്താണ് യുണൈറ്റഡ് വിജയിച്ചത്.
ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും യുവതാരം ഗർനാചോയെയും ആദ്യ ഇലവനിൽ ഇറക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി ആരംഭിച്ചത്. ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് നിരവധി അവസരങ്ങക്ക് സൃഷ്ടിച്ചു. ഗർനാചോ തന്റെ ആദ്യ സ്റ്റാർട്ടിൽ എതിർ ഡിഫൻസിനെ വെള്ളം കുടിപ്പിക്കുന്നത് കാണാനായി. ആദ്യ പകുതിയുടെ അവസാനം മാത്രമാണ് യുണൈറ്റഡ് ലീഡ് എടുത്തത്. എറിക്സൻ നൽകിയ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഡാലോട്ട് ആണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്.
രണ്ടാം പകുതിയിൽ സബ്ബായി എത്തിയ റാഷ്ഫോർഡ് ലൂക്സ് ഷോയുടെ ഒരു ക്രോസിൽ നിന്ന് യുണൈറ്റഡിന്റെ രണ്ടാം ഗോളും നേടി. 65ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ. മത്സരത്തിന്റെ 81ആം മിനുട്ടിൽ റൊണാൾഡോയും ഗോൾ കണ്ടെത്തി. ബ്രൂണോയുടെ ഒരു ക്രോസിൽ നിന്ന് റൊണാൾഡോയുടെ ആദ്യ ഹെഡർ സേവ് ചെയ്യപ്പെട്ടു എങ്കിലും റൊണാൾഡോ റീബൗണ്ടിൽ വല കണ്ടെത്തി. ഇതോടെ യുണൈറ്റഡ് വിജയം പൂർത്തിയായി.
5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിൽ രണ്ടാമത് ആണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ യുണൈറ്റഡ് ഒന്നാമതുള്ള വിയ്യറയലിനെ നേരിടും.