ഇന്റർ മിലാൻ താരം റൊമേല് ലുകാകുവിനെ വീണ്ടും ടീമിൽ എത്തിച്ച് ചെൽസി. ക്ലബ് റെക്കോർഡ് തുകയായ 97.5മില്യൺ പൗണ്ട് നൽകിയാണ് ലുകാകുവിനെ ചെൽസി ടീമിൽ എത്തിച്ചത്. താരം ക്ലബ്ബിൽ 5 വർഷത്തെ കരാറിലാവും ഏർപ്പെടുക. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബയേർ ലെവർകൂസൻ താരം കായ് ഹാവെർട്സിനെ സ്വന്തമാക്കാൻ ചെൽസി ചിലവഴിച്ച 75.8 മില്യൺ പൗണ്ട് ആയിരുന്നു ഇതുവരെ ചെൽസി ഒരു താരത്തിന് വേണ്ടി ചിലവഴിച്ച ഏറ്റവും ഉയർന്ന തുക.
നേരത്തെ 2014ലാണ് 15 മത്സരങ്ങൾ മാത്രം കളിച്ച് ലുകാകു ചെൽസിയിൽ നിന്ന് എവർട്ടണിലേക്ക് പോയത്. തുടർന്ന് ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. തുടർന്നാണ് സെരി എ ക്ലബായ ഇന്റർ മിലാനിൽ താരം എത്തുന്നത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാൻ സെരി എ കിരീടം നേടിയപ്പോൾ 24 ഗോളുകളുമായി ലുകാകു മികച്ച ഫോമിലായിരുന്നു. ബൊറൂസിയ ഡോർട്മുണ്ട് താരം ഏർലിങ് ഹാളണ്ടിനെ സ്വന്തമാക്കാൻ കഴിയാതെ വന്നതോടെയാണ് ചെൽസി മുൻ താരം കൂടിയയായ ലുകാകുവിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്.