നിര്‍ണ്ണായകമായ ഏഷ്യ കപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 173/8 എന്ന സ്കോര്‍ നേടി ഇന്ത്യ. രോഹിത് ശര്‍മ്മയുടെ മികവാര്‍ന്ന ഇന്നിംഗ്സ് മാത്രമാണ് ഇന്ത്യയുടെ ബാറ്റിംഗിൽ എടുത്ത് പറയാവുന്ന പ്രകടനം. സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് 97 റൺസാണ് രോഹിത് മൂന്നാം വിക്കറ്റിൽ ഇന്ത്യയ്ക്കായി നേടിയത്.
രാഹുല്‍ ആറ് റൺസും കോഹ്‍ലി പൂജ്യത്തിനും പുറത്തായപ്പോള്‍ 13/2 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 79/2 എന്ന നിലയിലായിരുന്നു.
രോഹിത് തന്റെ അര്‍ദ്ധ ശതകം 31 പന്തിൽ നിന്നാണ് തികച്ചത്. 41 പന്തിൽ 72 റൺസ് നേടിയ രോഹിത് ശര്‍മ്മ 5 ഫോറും 4 സിക്സും നേടി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 110 റൺസായിരുന്നു.
അധികം വൈകാതെ സൂര്യകുമാര്‍ യാദവും(29 പന്തിൽ 34 റൺസ്) പുറത്തായപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ താളം തെറ്റി. ഹാര്‍ദ്ദിക് പാണ്ഡ്യ(17)യ്ക്കും അധിക സമയം ക്രീസിൽ ചെലവഴിക്കാനാകാതെ പോയപ്പോള്‍ ദീപക് ഹൂഡയ്ക്ക് ദസുന്‍ ഷനക നോബോള്‍ എറിഞ്ഞ് ജീവന്‍ ദാനം നൽകുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ താരവും പുറത്തായപ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലിലായി.
പന്തിനും വലിയ സ്കോര്‍ നേടാനാകാതെ പോയപ്പോള്‍(17) ഇന്ത്യയുടെ ഇന്നിംഗ്സ് 173 റൺസിൽ അവസാനിച്ചു. രവിചന്ദ്രന്‍ അശ്വിന്‍ 7 പന്തിൽ 15 റൺസ് നേടിയാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്. ശ്രീലങ്കയ്ക്കായി ദിൽഷന്‍ മധുഷനക മൂന്നും ദസുന്‍ ഷനക, ചാമിക കരുണാരത്നേ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.