ശ്രീലങ്കയുടെ കലക്കന്‍ ഓപ്പണിംഗ് കൂട്ടുകെട്ട്, പിന്നെ ചഹാലിന്റെ മാജിക് സ്പെൽ, ഒടുവിൽ ഇന്ത്യന്‍ മോഹങ്ങള്‍ തകര്‍ത്ത് ഷനകയും രാജപക്സയും

Sports Correspondent

Kusalmendis
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കന്‍ ഓപ്പണര്‍മാരുടെ കലക്കന്‍ കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യയെ തറപറ്റിച്ച് ശ്രീലങ്ക. ഇന്ന് ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തിൽ ഇന്ത്യ നൽകിയ 174 റൺസ് വിജയ ലക്ഷ്യം 1 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക മറികടന്നത്. അവസാന ഓവറിൽ ഏഴ് റൺസ് പ്രതിരോധിക്കേണ്ടപ്പോള്‍ അര്‍ഷ്ദീപ് വീരോചിതായി പന്തെറിഞ്ഞുവെങ്കിലും അഞ്ചാം പന്തിൽ ലക്ഷ്യം മറികടക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. 33 റൺസുമായി ദസുന്‍ ഷനകയും 25 റൺസ് നേടി ഭാനുക രാജപക്സയുമാണ് വിജയം നേടുവാന്‍ ലങ്കയെ സഹായിച്ചത്.

വിജയത്തോടെ ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. നാളെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ പാക്കിസ്ഥാന്‍ വിജയിച്ചാൽ ഇന്ത്യയ്ക്കൊപ്പം അഫ്ഗാനിസ്ഥാനും ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്താകും.

പതും നിസ്സങ്കയും കുശൽ മെന്‍ഡിസും 97 റൺസ് ഒന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഒരേ ഓവറിൽ ചഹാല്‍ നിസ്സങ്കയെയും ചരിത് അസലങ്കയെയും പുറത്താക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും കുശൽ മെന്‍ഡിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു.

Chahalindiaധനുഷ്ക ഗുണതിലകയെ രവിചന്ദ്രന്‍ അശ്വിനും കുശൽ മെന്‍ഡിസിനെ യൂസുവേന്ദ്ര ചഹാലും പുറത്താക്കിയപ്പോള്‍ മത്സരത്തിൽ ഇന്ത്യന്‍ ക്യാമ്പിൽ പ്രതീക്ഷ വന്നു. 57 റൺസ് നേടിയാണ് മെന്‍ഡിസ് മടങ്ങിയത്.

തൊട്ടടുത്ത പന്തിൽ ദസുന്‍ ഷനകയുടെ ഒരു സ്റ്റംപിംഗ് അവസരം ഋഷഭ് പന്ത് നഷ്ടപ്പെടുത്തുകയായിരുന്നു. അതേ ഓവറിൽ ഭാനുക രാജപക്സ ചഹാലിനെ സിക്സര്‍ പറത്തിയപ്പോള്‍ 30 പന്തിൽ 54 ആയി മാറി ശ്രീലങ്കയുടെ ലക്ഷ്യം. അടുത്ത രണ്ട് ഓവറിൽ നിന്ന് 21 റൺസ് രാജപക്സയും ഷനകയും നേടിയപ്പോള്‍ 18 പന്തിൽ നിന്ന് 33 റൺസായി ശ്രീലങ്കയുടെ ലക്ഷ്യം മാറി. ഹാര്‍ദ്ദിക് എറിഞ്ഞ 18ാം ഓവറിൽ ദസുന്‍ ഷനക ഒരു ഫോറും സിക്സും നേടിയതോടെ ലക്ഷ്യം 12 പന്തിൽ 21 ആയി.

ഭുവി എറിഞ്ഞ 19ാം ഓവറിൽ ദസുന്‍ ഷനക രണ്ട് ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ നിന്ന് 14 റൺസാണ് വന്നത്. 34 പന്തിൽ 64 റൺസാണ് അഞ്ചാം വിക്കറ്റിൽ രാജപക്സയും ഷനകയും ചേര്‍ന്ന് നേടിയത്.