രോഹന്‍ കുന്നുമ്മലിന് ശതകം നഷ്ടം, ദുലീപ് ട്രോഫി കിരീടത്തിന് അരികെ വെസ്റ്റ് സോൺ

529 റൺസെന്ന കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ സൗത്ത് സോൺ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ദുലീപ് ട്രോഫി ഫൈനൽ വിജയത്തിന് തൊട്ടരികെയെത്തി വെസ്റ്റ് സോൺ നിൽക്കുന്നു. മത്സരത്തിന്റെ അവസാന ദിവസം വെറും നാല് വിക്കറ്റ് കൈവശപ്പെടുത്തിയാൽ വെസ്റ്റ് സോണിന് കിരീടം നേടാനാകും. 6 വിക്കറ്റ് നഷ്ട സൗത്ത് സോൺ ആകട്ടെ വിജയത്തിനായി ഇനിയും 375 റൺസ് നേടേണ്ടതുണ്ട്.

ടോപ് ഓര്‍ഡറിൽ രോഹന്‍ കുന്നുമ്മൽ ഒഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും റൺസ് കണ്ടെത്താനാകാതെ പോയതാണ് സൗത്ത് സോണിന് തിരിച്ചടിയായത്. രോഹന്‍ കുന്നുമ്മൽ 93 റൺസ് നേടി ഇന്ന് വീണ അവസാന വിക്കറ്റായാണ് പുറത്തായത്. സ്റ്റംപ്സിന് ഏതാനും ഓവറുകള്‍ മുമ്പാണ് താരത്തിന്റെ പ്രതിരോധം ഭേദിച്ച് ഷംസ് മുലാനി തന്റെ രണ്ടാം വിക്കറ്റ് നേടിയത്.

അതിത് സേഥ്, ജയ്ദേവ് ഉനഡ്കട് എന്നിവരും രണ്ട് വീതം വിക്കറ്റ് വെസ്റ്റ് സോണിനായി നേടി.