സച്ചിനൊപ്പം വീണ്ടും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള അവസരത്തിൽ ആഹ്ലാദം പങ്ക് വെച്ച് സേവാംഗ്. റോഡ് സേഫ്റ്റി വേൾഡ് സീരിസിലാണ് ഈ ഇതിഹാസ സഖ്യം വീണ്ടും ഒന്നിക്കുന്നത്. ക്രിക്കറ്റ് ഓൾ സ്റ്റാർ ടി20 ടൂർണമെന്റിൽ 2015ലാണ് അവസാനമായി സച്ചിനും സേവാംഗും ഒന്നിച്ചത്. ക്രിക്കറ്റിലെ ഏറ്റവും ഡെഡ്ലിയെസ്റ്റ് ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു സച്ചിനും സേവാഗും. 3919 റൺസാണ് 93 ഇന്നിംഗ്സുകളിൽ നിന്നും ഈ സഖ്യം അടിച്ച് കൂട്ടിയത്. സച്ചിനൊപ്പം കളിക്കുന്നതും വീണ്ടും ബ്രെറ്റ് ലീയെ നേരിടുന്നതും സ്വപ്നതുല്ല്യമായ അവസമാണെന്നാണ് വീരു പറയുന്നത്.
ലോകമെമ്പാടും റോഡ് സേഫ്റ്റിയെ കുറിച്ച് ബോധവത്കരണം ഉണ്ടാക്കാനാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് ലക്ഷ്യം വെക്കുന്നത്. സച്ചിൻ തെൻഡുൽക്കർ, ബ്രയാൻ ലാറ, ബ്രെറ്റ് ലീ തുടങ്ങിയ അതികായന്മാരാണ് ഈ സീരീസിൽ ഇറങ്ങുക.
സീരിസിൽ ഇന്ത്യ ലെജന്റ്സ്, ആസ്ട്രേലിയ ലെജന്റ്സ്, ശ്രീലങ്ക ലെജന്റ്സ്‍,വെസ്റ്റ് ഇൻഡീസ് ലെജന്റ്സ് എന്നീടീമുകൾ പങ്കെടുക്കും. നൂറ്റിപ്പത്തോളം റിട്ടയേർഡ് ക്രിക്കറ്റ് താരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നുണ്ട്. സച്ചിൻ ഇന്ത്യയേയും ലാറ വെസ്റ്റ് ഇൻഡീസിനേയും ദിൽഷൻ ശ്രീലങ്കയേയും ബ്രെറ്റ് ലീ ആസ്ട്രേലിയയേയും ജോണ്ടി റോഡ്സ് ദക്ഷിണാഫ്രിക്കൻ ലെജന്റ്സിനേയും നയിക്കും. ഇന്ത്യൻ ഇലവനിൽ സച്ചിനും സേവാംഗിനും പുറമേ ആർപി സിംഗ്, സഹീർ ഖാൻ, അജിത് അഗാർക്കർ എന്നിവരും പങ്കെടുക്കും.