ഇതിഹാസ താരം ഫ്രങ്ക് റിബറി വിരമിക്കുന്നു. ശനിയാഴ്ച്ച സെലർനിറ്റാനയുടെ ജേഴ്‌സിയിൽ സ്പെസിയയുമായുള്ള മത്സരം താരത്തിന്റെ വിടവാങ്ങൽ മത്സരമാകും. ഫ്‌യോറന്റിനയിൽ നിന്നും കരാർ അവസാനിച്ച ശേഷം സെലർനിറ്റാനയിൽ എത്തിയ ബയേൺ ഇതിഹാസത്തിന് പക്ഷെ പരിക്ക് തിരിച്ചടി ആവുകയായിരുന്നു. തുടർന്നും കളത്തിൽ ഇറങ്ങാൻ ആരോഗ്യം സമ്മതിക്കില്ലെന്ന് ഉറപ്പായതോടെ ക്ലബ്ബ് ഭാരവാഹികളുമായി റിബറി ചർച്ചകൾ നടത്തുകളും വിരമിക്കൽ തീരുമാനം അറിയിക്കുകയിമായിരുന്നു.
അതേ സമയം താരം കോച്ചിങ് ചുമതലകളിലേക്ക് കടന്നേക്കും എന്നാണ് സൂചനകൾ. സെലർനിറ്റാന മാനേജ്‌മെന്റ് ഇത് സംബന്ധിച്ച് പുതിയ കരാർ താരത്തിന് വെണ്ടി ഒരുക്കിയിട്ടുണ്ട്. വിരമിച്ചാലും ഇതോടെ ക്ലബ്ബിൽ തന്നെ തുടരാൻ ഫ്രഞ്ച് താരത്തിനാകും.
2000 ൽ ബൊളോഗ്നെയിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം പിന്നീട് ഗാലറ്റ്സരെ, മാഴ്സെ എന്നിവരുടെ ജേഴ്‌സി അണിഞ്ഞ ശേഷം 2007ലാണ് ബയേണിൽ എത്തുന്നത്. ഐതിഹാസിമായ പന്ത്രണ്ട് വർഷങ്ങളിൽ ഇരുന്നൂറ്റിയെഴുപതോളം മത്സരങ്ങൾ ആണ് ടീമിനായി ഇറങ്ങിയത്. എല്ലാ ട്രോഫികളും നേടി 2012-13 സീസണിൽ ബയൺ യൂറോപ്പും കീഴടക്കി ക്ലബ്ബ് ലോകക്കപ്പും നേടുമ്പോൾ മാസ്മരിക പ്രകടനം ആയിരുന്നു ഫ്രഞ്ച് താരത്തിന്റേത്. മെസ്സി – റൊണാൾഡോ യുഗത്തിനിടയിൽ ബാലൻഡിയോറോ ഫിഫ “ബെസ്റ്റ്” അവാർഡോ നേടാതെ തഴയപ്പെട്ടവരുടെ പട്ടികയിൽ മുൻനിരയിൽ തന്നെ റിബറി ഉണ്ടാകുമെന്ന് എതിരാളികൾ പോലും സമ്മതിക്കും.