റാഫ!!! ഇത് നദാൽ കാവൽ നിൽക്കുന്ന ഭൂതത്താൻ കോട്ട! ജ്യോക്കോവിച്ചിനോട് കണക്ക് തീർത്തു നദാൽ ഫ്രഞ്ച് ഓപ്പൺ സെമിയിലേക്ക്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പൂർണമായും ശാരീരിക ക്ഷമത ഇല്ല, മികച്ച ഫോമിലല്ല എന്നത് ഒന്നും ഫ്രഞ്ച് ഓപ്പണിൽ പാരീസിൽ കളിമണ്ണ് കോർട്ടിൽ തന്റെ വിശ്വരൂപം പുറത്ത് എടുക്കാൻ തടസമല്ല എന്നു ഒരിക്കൽ കൂടി തെളിയിച്ചു റാഫേൽ നദാൽ. പാരീസിൽ താൻ മറ്റൊരു താരം ആണെന്ന് അടിവര ഇടുന്ന പ്രകടനം ആണ് 13 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ അഞ്ചാം സീഡിൽ നിന്നും ഉണ്ടായത്. ഒന്നാം സീഡ് ആയ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ചിനെ നാലു സെറ്റ് നീണ്ട മികച്ച പോരാട്ടം കണ്ട അതുഗ്രൻ മത്സരത്തിന് ഒടുവിൽ ആണ് നദാൽ വീഴ്ത്തിയത്. ക്വാർട്ടർ ഫൈനലിൽ ലോകം കാത്തിരിക്കുന്ന പോരാട്ടം എത്തിയപ്പോൾ കാണികളെ നിരാശരാക്കാത്ത പ്രകടനം ആണ് ഇരു താരങ്ങളും പുറത്ത് എടുത്തത്. ഫ്രഞ്ച് ഓപ്പണിൽ വെറും മൂന്നെ മൂന്നു തവണ മാത്രം തോൽവി വഴങ്ങിയ നദാലിനെ രണ്ടു തവണയും തോൽപ്പിച്ച ജ്യോക്കോവിച്ച് കഴിഞ്ഞ വർഷം ഫൈനലിലും നദാലിനെ വീഴ്ത്തിയിരുന്നു. അത് ആവർത്തിക്കാൻ ജ്യോക്കോവിച്ച് എത്തിയപ്പോൾ പ്രതികാരം തേടിയാണ് കളിമണ്ണ് കോർട്ടിന്റെ ദൈവം തന്റെ ഇഷ്ട മൈതാനത്ത് കളിക്കാൻ ഇറങ്ങിയത്. ഓപ്പൺ യുഗത്തിൽ റെക്കോർഡ് ആയ 59 മത്തെ തവണയാണ് ഇരു താരങ്ങളും ഇന്ന് പരസ്പരം മത്സരിക്കാൻ ഇറങ്ങിയത്.

ആദ്യം മുതൽ തന്നെ നീണ്ട റാലികൾ കണ്ട മത്സരത്തിൽ നദാലിന് അതുഗ്രൻ തുടക്കം ആണ് ലഭിച്ചത്. ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് തന്നെ താരത്തിന്റെ ചെറുത്ത് നിൽപ്പ് മറികടന്നു നദാൽ ബ്രൈക്ക് ചെയ്തു. തുടർന്ന് കളിയിലേക്ക് തിരിച്ചു വരാൻ പൊരുതിയ സെർബിയൻ താരത്തെ ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്ത നദാൽ സെറ്റ് 52 മിനിറ്റ് പോരാട്ടത്തിനു ശേഷം 6-2 നു സ്വന്തമാക്കി. പലപ്പോഴും നീളൻ റാലികൾ ഇരുവരുടെയും മികവ് വിളിച്ചു പറഞ്ഞു. നദാലിന്റെ ഫോർ ഹാന്റുകൾ ജ്യോക്കോവിച്ചിന്റെ പ്രതിരോധം തകർക്കുന്ന കാഴ്ച മത്സരത്തിൽ ഉടനീളവും കാണാൻ ആയി. രണ്ടാം സെറ്റിലും സമാനമായ തുടക്കം ആണ് നദാലിന് ലഭിച്ചത്. ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത നദാൽ തുടർന്നും ബ്രൈക്ക് നേടി 3-0 നു സെറ്റിൽ മുന്നിലെത്തി. എന്നാൽ ഇവിടെ നിന്നു തന്റെ പൂർണ മികവിലേക്ക് ഉയർന്ന ജ്യോക്കോവിച്ച് കളിയിലേക്ക് അവിശ്വസനീയം ആയ വിധം തിരിച്ചു വന്നു. നദാലിനെ തുടർച്ചയായി ബ്രൈക്ക് ചെയ്തു സെറ്റിൽ തിരിച്ചടിച്ച ജ്യോക്കോവിച്ച് 88 മിനിറ്റുകൾ നീണ്ട കടുത്ത പോരാട്ടത്തിനു ഒടുവിൽ സെറ്റ് 6-4 നു കയ്യിലാക്കി മത്സരത്തിൽ ഒപ്പമെത്തി.

20220601 052104

രണ്ടാം സെറ്റിലെ ജ്യോക്കോവിച്ചിന്റെ തിരിച്ചു വരവിനു മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ നദാൽ മറുപടി നൽകി. തുടർച്ചയായ മൂന്നാം സെറ്റിലും ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് നദാൽ ബ്രൈക്ക് ചെയ്തു. തുടർന്ന് സെറ്റിൽ രണ്ടാം ബ്രൈക്കും കണ്ടത്തിയ നദാൽ 41 മിനിറ്റുകൾക്ക് അകം മൂന്നാം സെറ്റ് 6-2 നു നേടി മത്സരം വീണ്ടും വരുതിയിലാക്കി. നാലാം സെറ്റിൽ പതിവിനു വിപരീതമായി ജ്യോക്കോവിച്ച് ആണ് നന്നായി തുടങ്ങിയത്. നദാലിന്റെ ആദ്യ സർവീസ് തന്നെ ജ്യോക്കോവിച്ച് ഇത്തവണ ബ്രൈക്ക് ചെയ്തു. തുടർന്ന് പക്ഷെ ഇരു താരങ്ങളും തങ്ങളുടെ സർവീസിൽ എതിരാളിക്ക് അവസരങ്ങൾ നൽകാത്ത പ്രകടനം ആണ് പുറത്ത് എടുത്തത്. നാലാം സെറ്റിൽ 5-3 ൽ നിൽക്കുമ്പോൾ സെറ്റ് പോയിന്റ് സൃഷ്ടിച്ചു ജ്യോക്കോവിച്ച്. എന്നാൽ രണ്ടു തവണ സെറ്റ് പോയിന്റുകൾ നദാൽ രക്ഷിച്ചു. തുടർന്ന് നദാൽ ബ്രൈക്ക് പോയിന്റ് ഉണ്ടാക്കി, എന്നാൽ ഇത് ജ്യോക്കോവിച്ച് രക്ഷിച്ചു. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ച നദാൽ സെറ്റിൽ ബ്രൈക്ക് തിരിച്ചു പിടിച്ചു.

Screenshot 20220601 052125 01

ഈ സമയത്ത് അതുഗ്രൻ ടെന്നീസ് കളിച്ച കാണികളുടെ മുഴുവൻ പിന്തുണയുമായി വന്ന നദാലിന് മുമ്പിൽ എല്ലാ അർത്ഥത്തിലും പിടിച്ചു നിൽക്കാൻ ജ്യോക്കോവിച്ച് പെടാപ്പാട് പെടുന്നത് ആണ് കാണാൻ ആയത്. തുടർന്ന് ഇരുവരും സർവീസ് നിലനിർത്തിയപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക്. 2022 ൽ കളിച്ച 11 ടൈബ്രേക്കറിൽ 9 എണ്ണവും ജയിച്ചു ആണ് ഇരു താരങ്ങളും ടൈബ്രേക്കറിനു എത്തിയത്. അവിശ്വസനീയമായ വിധം മികച്ച തുടക്കം ആണ് ടൈബ്രേക്കറിൽ നദാൽ കണ്ടത്തിയത്. ടൈബ്രേക്കറിൽ 6-1 നദാൽ മാച്ച് പോയിന്റുകൾ സൃഷ്ടിച്ചു. എന്നാൽ മൂന്നു തവണ മാച്ച് പോയിന്റുകൾ രക്ഷിച്ച ജ്യോക്കോവിച്ച് തിരിച്ചു വരാൻ ശ്രമിച്ചു എങ്കിലും അത് മതിയായിരുന്നില്ല പരാജയം ഒഴിവാക്കാൻ. ടൈബ്രേക്കറിലൂടെ 71 മിനിറ്റുകൾ നീണ്ടു നിന്ന നാലാം സെറ്റും ജയിച്ചു നാലു മണിക്കൂർ നീണ്ട യുദ്ധം ജയിച്ചു നദാൽ സെമിഫൈനലിലേക്ക് ഒരിക്കൽ കൂടി ടിക്കറ്റ് എടുക്കുക ആയിരുന്നു. തന്റെ പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടവും 22 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും ലക്ഷ്യം വക്കുന്ന നദാൽ സെമിയിൽ മൂന്നാം സീഡ് അലക്‌സാണ്ടർ സാഷ സെരവിനെ ആണ് നേരിടുക.ഫ്രഞ്ച് ഓപ്പണിൽ തന്റെ പതിനഞ്ചാം സെമിയിലേക്ക് മുന്നേറിയ നദാലിന് ഇത് 36 മത്തെ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ആണ്. ജയത്തോടെ ജ്യോക്കോവിച്ചിനു എതിരായ 29 മത്തെ ജയം ആണ് നദാൽ കുറിച്ചത്. റോളണ്ട് ഗാരോസിലെ കളിമണ്ണ് മൈതാനത്ത്, പാരീസിൽ ഒരേയൊരു ദൈവം മാത്രമെ ഉള്ളു എന്നു ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനം ആണ് നദാലിൽ നിന്നു ഒരിക്കൽ കൂടി ഉണ്ടായത്.