ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ വോൾവ്സിനെ മറുപടിയില്ലാത്ത ഏക ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ആ ഗോൾ വന്നതാകട്ടെ വിവാദ തീരുമാനത്തിൽ നിന്നായിരുന്നു. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ആണ് റഫറി ജോൺ മോസ് വിവദ തീരുമാനം എടുത്തത്. വോൾവ്സ് താരം മൗട്ടീനോയുടെ കൈക്ക് പെനാൾട്ടി ബോക്സിൽ നിന്ന് പന്ത് തട്ടി എന്നതിനായിരുന്നു പെനാൾട്ടി വിധിച്ചത്.
എന്നാൽ ആ തീരുമാനം തെറ്റാണെന്ന് റീപ്ലേയിൽ വ്യക്തമായിരുന്നു. പക്ഷെ VAR റഫറാാരോ ജോൺ മോസോ പെനാൽറ്റി തീരുമാനം മാറ്റാൻ തയ്യാറായില്ല. പെനാൾട്ടി സ്റ്റെർലിംഗ് ലക്ഷ്യത്തിലേക്കും എത്തിച്ചു. നേരത്തെ മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനം സെക്കൻഡുകളുടെ വ്യത്യാസത്തിന് രണ്ട് മഞ്ഞ കാർഡ് വാങ്ങി റൗൾ ഹിമിനസ് കളത്തിന് പുറത്തേക്ക് പോയിരുന്നു. ഒരു പകുതി മുഴുവൻ 10 പേരായി കളിച്ചിട്ടും ഒരു ഗോൾ മാത്രമെ സിറ്റിക്ക് എതിരെ വഴങ്ങിയുള്ളൂ എന്നത് വോൾവ്സിന് ആശ്വാസം നൽകും.
ഇന്നത്തെ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് 38 പോയിന്റുമായി നിൽക്കുകയാണ്. 21 പോയിന്റുമായി വോൾവ്സ് എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്.