തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം ഇല്ലാതെ മോഹൻ ബഗാൻ, അപരാജിതരായി ചെന്നൈയിൻ

Newsroom

ഐ എസ് എല്ലിൽ ഒരിക്കൽ കൂടെ മോഹൻ ബഗാന് വിജയമില്ല. ഇന്ന് നടന്ന ചെന്നൈയിന് എതിരായ മത്സരത്തിൽ 1-1ന്റെ സമനില ആണ് മോഹൻ ബഗാൻ വഴങ്ങിയത്. എ ടി കെ മോഹൻ ബഗാന്റെ ലീഗിലെ വിജയമില്ലാത്ത തുടർച്ചയായ മൂന്നാം മത്സരമാണിത്. ചെന്നൈയിൻ ആകട്ടെ ഈ സീസണിൽ ഇതുവരെ പരാജയമറിയാതെ നിൽക്കുന്ന ഏക ടീമായി തുടരുകയും ചെയ്തു.

ഇന്ന് മത്സരത്തിന്റെ 18ആം മിനുട്ടിൽ ലിസ്റ്റൺ കൊളാസോ ആണ് മോഹൻ ബഗാന് ലീഡ് നൽകിയത്. റോയ് കൃഷ്ണയുടെ മനോഹരമായ ത്രൂ പാസിൽ നിന്നായിരുന്നു ലിസ്റ്റന്റെ ഗോൾ. ഈ ഗോളിന് ആദ്യ പകുതിയുടെ അവസാനം കൊമാനിലൂടെ ചെന്നൈയിൻ മറുപടി നൽകി. ഇതിനു ശേഷം രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല.

സമനിലയോടെ 8 പോയിന്റുമായി ചെന്നൈയിൻ ലീഗിൽ മൂന്നാമത് നിൽക്കുന്നു. 7 പോയിന്റുള്ള എ ടി കെ ആറാം സ്ഥാനത്തും നിൽക്കുന്നു.