റെഡ്സ്റ്റാർ എഫ് സി തൃശ്ശൂരിന്റെ രണ്ട് യുവ താരങ്ങൾ ഇന്ത്യൻ അണ്ടർ 15 ക്യാമ്പിൽ. ഷിജാസ്, അൽകേഷ് എന്നീ താരങ്ങളാണ് ദേശീയ ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇപ്പോൾ ഒഡീഷയിൽ നടക്കുന്ന ദേശീയ ക്യാമ്പിനൊപ്പമാണ് ഈ രണ്ട് കുട്ടികളും. ഇന്ത്യൻ ക്യാമ്പിൽ ആകെയുള്ള മലയാളികളും ഇവർ മാത്രമാണ്. റെഡ് സ്റ്റാർ അക്കാദമിയുടെ അണ്ടർ 14 ടീമിലെ താരങ്ങളാണ് ഇരുവരും.
അൽകേഷ് അറ്റാക്കിങ്ങ് മിഡ്ഫീൽഡറാണ്. അഞ്ചു വർഷമായി റെഡ് സ്റ്റാർ അക്കാദമിക്ക് ഒപ്പം ഉള്ള താരമാണ് അൽകേഷ്. തൃശ്ശൂർ പുത്തൂർ സ്വദേശിയാണ്.
സ്ട്രൈക്കറായ ഷിജാസ് എടപ്പാൾ സ്വദേശിയാണ്. രണ്ട് വർഷമായി റെഡ് സ്റ്റാർ അക്കാദമിയോടൊപ്പം ഉണ്ട്. കഴിഞ്ഞ യൂത്ത് ഐലീഗിൽ ടോപ്പ് സ്കോറർ ആയിരുന്നു ഷിജാസ്. ജാലി പി ഇബ്രാഹീം ആണ് റെഡ് സ്റ്റാറിന്റെ മുഖ്യ പരിശീലകൻ. സുധീഷ്, റോയ് സി ജി എന്നിവർ സഹ പരിശീലകരായു ഉണ്ട്. അടുത്ത വർഷത്തെ യൂത്ത് ഐ ലീഗിനായി ഒരുങ്ങുന്നതിനിടയിലാണ് ഇരുവരെയും തേടി ദേശീയ ക്യാമ്പിലേക്ക് ക്ഷണം എത്തിയത്.
കേരളത്തിലെ ആദ്യത്തെ റസിഡൻഷ്യൽ അക്കാദമിയായ റെഡ് സ്റ്റാർ അക്കാദമി ഇതിനു മുമ്പും ദേശീയ ടീമിലേക്ക് താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. മുൻ ഇന്ത്യൻ അണ്ടർ 17 താരമായ ഋഷി ദത്ത് റെഡ് സ്റ്റാർ അക്കാദമിയിലൂടെ വളർന്ന താരമായിരുന്നു.