സമ്മര്‍ദ്ദം അതിജീവിക്കാനായില്ലെന്ന് തുറന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്

- Advertisement -

മികച്ച തുടക്കം ലഭിച്ച ശേഷവും തകര്‍ന്ന് വീണ് 4 റണ്‍സിനു ന്യൂസിലാണ്ടിനോട് തോല്‍വി വഴങ്ങിയ പാക്കിസ്ഥാന് സമ്മര്‍ദ്ദത്തെ അതിജീവിക്കുവാനായില്ലെന്ന് തുറന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. പൊതുവെ 150നു മുകളില്‍ നാലാം ഇന്നിംഗ്സില്‍ ചേസ് ചെയ്യുവാന്‍ ടീം ബുദ്ധിമുട്ടാറുണ്ടെങ്കിലും ഇത്തവണ 37/0 എന്ന നിലയില്‍ മികച്ച തുടക്കം ലഭിച്ച ശേഷമാണ് പാക്കിസ്ഥാന്‍ തകര്‍ന്നത്.

എന്നാല്‍ പിന്നീട് മൂന്ന് വിക്കറ്റുകള്‍ പന്തുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട് പാക്കിസ്ഥാന്‍ 48/3 എന്ന നിലയിലേക്ക് വീണുവെങ്കിലും അസാദ് ഷഫീക്ക്-അസ്ഹര്‍ അലി കൂട്ടുകെട്ട് നാലാം വിക്കറ്റ് വീഴുന്നതിനു മുമ്പ് ടീമിനെ 130 റണ്‍സിലേക്ക് നയിച്ചു. ജയം 46 റണ്‍സ് മാത്രം അകലെ നില്‍ക്കെയാണ് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ സമ്മര്‍ദ്ദത്തിനു അകപ്പെട്ട് തകര്‍ന്ന് വീണത്. 82 റണ്‍സ് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ട് ന്യൂസിലാണ്ടിനെ തോല്‍വിയിലേക്ക് തള്ളിയിടുമെന്ന് കരുതിയപ്പോളാണ് അസാദ് ഷഫീക്കിനെ നീല്‍ വാഗ്നര്‍ പുറത്താക്കിയത്.

ബാബര്‍ അസവും(13) അസ്ഹര്‍ അലിയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നീക്കി ലക്ഷ്യം 29 റണ്‍സ് അകലെ എത്തിച്ചപ്പോളാണ് റണ്ണൗട്ട് രൂപത്തില്‍ ബാബര്‍ അസമിന്റെ മടക്കം. അസ്ഹര്‍ അലി ഒരറ്റത്ത് നിന്ന് പൊരുതിയെങ്കിലും അവസാന വിക്കറ്റായി താരത്തെയും പുറത്താക്കി അജാസ് പട്ടേല്‍ ഇന്നിംഗ്സിലെ തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി മാറ്റി.

ജയിക്കേണ്ടിയിരുന്ന കളി തുലച്ചത് തീര്‍ത്തും നിരാശാജനകമെന്ന് പറഞ്ഞ പാക് നായകന്‍ മറ്റു താരങ്ങളാരും തന്നെ ക്രീസില്‍ ചെലവഴിക്കുവാന്‍ ശ്രമം നടത്തിയില്ലെന്നും പറഞ്ഞു. വിക്കറ്റുകള്‍ വീണപ്പോള്‍ കൂട്ടമായി വീണതും ടീമിനു തിരിച്ചടിയായെന്ന് പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു. തോല്‍വിയ്ക്ക് ബാറ്റിംഗ് യൂണിറ്റിനെ മാത്രമേ പഴി ചാരാനാകുള്ളുവെന്ന് പറഞ്ഞ സര്‍ഫ്രാസ് ടീം സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ പഠിക്കുന്നില്ലെങ്കില്‍ ഇത്തരം തോല്‍വികള്‍ സ്ഥിരമായി മാറുമെന്നും താരം അഭിപ്രായപ്പെട്ടു.

Advertisement