ബാഴ്സലോണയെ ലീഗിന്റെ തലപ്പത്ത് നിന്ന് മാറ്റിക്കൊണ്ട് റയൽ മാഡ്രിഡ് സ്പെയിനിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. ഇന്ന് റയൽ സോസിഡാഡിനെതിരായ മത്സരവും റയൽ മാഡ്രിഡ് വിജയിച്ചു. എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ഫുട്ബോൾ പുനരാരംഭിച്ചതിനു ശേഷമുള്ള റയലിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.
ഇന്ന് ക്യാപ്റ്റൻ റാമോസും ബെൻസീമയുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. ഗോൾ ഇല്ലാത്ത ആദ്യ പകുതിക്ക് ശേഷം 50ആം മിനുട്ടിൽ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റാമോസ് ആണ് റയലിനെ മുന്നിൽ എത്തിച്ചത്. പിന്നാലെ 70ആം മിനുട്ടിൽ ബെൻസീമ റയലിന്റെ മൂന്ന് പോയന്റ് ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഇതിനിടയിൽ സോസിഡാഡ് നേടിയ ഒരു ഗോൾ വാർ ഓഫ്സൈഡ് വിധിച്ചത് വിവാദമായി. പിന്നീട് മെറീനോ സോസിഡാഡിന് വേണ്ടി ഗോൾ നേടി എങ്കിലും പരാജയം ഒഴിവായില്ല.
ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 30 മത്സരങ്ങളിൽ 65 പോയന്റായി. ബാഴ്സലോണക്കും 65 പോയന്റാണ് ഉള്ളത്. എന്നാൽ ഹെഡ് ടു ഹെഡ് മികവ് റയലിനെ ഒന്നാമത് നിർത്തും.