എന്ത് ലോക് ഡൗൺ? തിരിച്ചു വരവിലും ഗോളടിച്ച് ആഘോഷിച്ചു അറ്റലാന്റ

- Advertisement -

ഇറ്റാലിയൻ ഫുട്ബോളിൽ അല്ല യൂറോപ്യൻ ഫുട്ബോളിൽ തന്നെ ഏറ്റവും മികച്ച ആക്രമണ ഫുട്‌ബോൾ കളിക്കുന്ന ടീമെന്ന ഖ്യാതി സമീപകാലത്ത് ഉണ്ടാക്കിയ അറ്റലാന്റ ലോക് ഡോണിന് ശേഷമുള്ള തിരിച്ചു വരവിലും ഗോളുകൾ കൊണ്ട് ആഘോഷമാക്കി. സാസുവോളയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് അറ്റലാന്റ തകർത്തത്. കളി തുടങ്ങി 33 മിനിട്ടുകൾക്ക് ഉള്ളിൽ അവർ 3 ഗോളുകൾക്ക് മുന്നിലെത്തി. 16 മിനിറ്റിൽ മാൾഡാരയുടെ പാസിൽ ബെരാറ്റ് ആണ് അവരുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് ഹെഡറിലൂടെ മികച്ച ഫോമിലുള്ള സബാറ്റ അവരുടെ രണ്ടാം ഗോൾ 31 മിനിറ്റിൽ നേടി.

തുടർന്ന് 2 മിനിറ്റിനുള്ളിൽ മെഹ്ദിയുടെ സെൽഫ് ഗോൾ വന്നതോടെ അറ്റലാന്റ ജയം ഉറപ്പിച്ചു. പിന്നീട് രണ്ടാം പകുതിയിൽ പാപ്പ ഗോമസിന്റെ പാസിൽ തന്റെ രണ്ടാം ഗോൾ നേടിയ സബാറ്റ അറ്റലാന്റക്ക് നാലാം ഗോൾ സമ്മാനിച്ചു. ഇഞ്ച്വറി സമയത്ത് 92 മിനിറ്റിൽ ഫ്രീക്കിക്കിലൂടെ ഗോൾ നേടിയ മെഹ്ദി സാസുവോളക്ക് ആശ്വാസ ഗോൾ സമ്മാനിച്ചു. ജയത്തോടെ 26 കളികളിൽ നിന്നു 51 പോയിന്റുകൾ ഉള്ള അറ്റലാന്റ ലീഗിൽ നാലാം സ്ഥാനത്ത് ആണ്. ഗോളടിമികവിൽ സീരി എയിലെ മറ്റ് ടീമുകളെ ഒക്കെ അസൂയപ്പെത്തുന്ന അറ്റലാന്റ ഇത് വരെ ഈ സീസണിൽ സീരി എയിൽ 26 കളികളിൽ നിന്നു 74 ഗോളുകൾ ആണ് നേടിയത്. നിലവിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയ അവർ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള ശ്രമം തുടരുക ആണ് നിലവിൽ.

Advertisement