ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയൽ മാഡ്രിഡിന് തന്നെ. ഇന്ന് ആതിഥേയരായ അൽ ഐനെ പരാജയപ്പെടുത്തി ആണ് യു എ ഇയിൽ റയൽ മാഡ്രിഡ് കിരീടം ഉയർത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. തീർത്തും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. ആദ്യ പകുതിയിൽ മോഡ്രിചിലൂടെ റയൽ ലീഡ് എടുത്തു. പിന്നീട് രണ്ടാം പകുതി വരെ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നത് ഒഴിച്ചാൽ അൽ ഐന് ഒന്നും ഇന്ന് ചെയ്യാൻ പറ്റിയില്ല.
രണ്ടാം പകുതിയിൽ ലൊറന്റെയും റാമോസും വല കണ്ടെത്തി. പിന്നെ ഒരു സെൽഫ് ഗോളും റയലിനായി വലയിൽ എത്തി. ഷിയോതാനിയാണ് അൽ ഐന്റെ ആശ്വാസ ഗോൾ നേടിയത്. സെമി പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ കശിമ ആന്റ്ലേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയത്.
ഇന്നത്തെ റയൽ മാഡ്രിഡ് വിജയം പുതിയ റെക്കോർഡാണ്. തുടർച്ചയായ മൂന്ന് തവണ ക്ലബ് ലോകകപ്പ് ഉയർത്തുന്ന ആദ്യ ക്ലബ് എന്ന നേട്ടത്തിൽ റയൽ എത്തി. ഇത് കൂടാതെ ഇന്ന് റയൽ ജയിച്ചാൽ ഏറ്റവും കൂടുതൽ ക്ലബ് ലോകകപ്പ് നേടിയ താരമെന്ന റെക്കോർഡിൽ റയൽ മാഡ്രിഡ് താരം ക്രൂസ് എത്തുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാലു ക്ലബ് ലോകകപ്പ് കിരീടത്തിന്റെ റെക്കോർഡാണ് ക്രൂസ് മറികടന്നത്.