ഫെർഗിക്ക് ശേഷം ആദ്യമായി അഞ്ചടിച്ച് യുണൈറ്റഡ്; സോൾഷ്യറിന് മിന്നും തുടക്കം

0
ഫെർഗിക്ക് ശേഷം ആദ്യമായി അഞ്ചടിച്ച് യുണൈറ്റഡ്; സോൾഷ്യറിന് മിന്നും തുടക്കം

അലക്‌സ് ഫെർഗൂസൺ കാലഘട്ടത്തിന് ശേഷം പ്രീമിയർ ലീഗിൽ ആദ്യമായി അഞ്ചു ഗോളടിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ്. കാർഡിഫിനെ ഗോൾ മഴയിൽ മുക്കി തകർപ്പൻ തുടക്കമാണ് ഒലെ ഗണ്ണാർ സോൾഷ്യറിന് യുണൈറ്റഡിൽ ലഭിച്ചിരിക്കുന്നത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു യുണൈറ്റഡിന്റെ വിജയം. മർകസ് റാഷ്ഫോർഡ്, ഹെരേര, മാർഷ്യൽ, ലിംഗാർഡ് എന്നിവർ ആണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഒരു ഫ്രീകിക്കിലൂടെ റാഷ്ഫോർഡ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. 29ആം മിനിറ്റിൽ ഹെരേര ബോക്സിനു പുറത്തു വെച്ചു എടുത്ത ഒരു ഷോട്ടിൽ യുണൈറ്റഡ് രണ്ടാം ഗോളും കണ്ടെത്തി. എന്നാൽ 38ആം മിനിറ്റിൽ റാഷ്ഫോർഡ് ബോക്‌സിൽ വെച്ചു പന്ത് കൈ കൊണ്ട് തൊട്ടതിനാൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി കമരസ കാർഡിഫിനെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു. പക്ഷെ രണ്ടു മിനിറ്റിനകം ഒന്നാന്തരം ഒരു ടീം ഗോളിലൂടെ മാർഷ്യൽ യുണൈറ്റഡിന്റെ ലീഡ് ഉയർത്തി. സ്‌കോർ 1-3.

രണ്ടാം പകുതിയിൽ 57ആം മിനിറ്റിൽ തന്നെ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ലിംഗാർഡ് ഗോൾ നില ഉയർത്തി. 90ആം മിനിറ്റിൽ പോഗ്ബയുടെ പാസിൽ നിന്നും ലിംഗാർഡ് തന്റെ രണ്ടാം ഗോളും നേടിയതോടെ യുണൈറ്റഡ് ഗോൾ പട്ടിക തികച്ചു. സ്‌കോർ 1-5. ജോസേ മൗറീൻഹോയേ പുറത്താക്കിയ ശേഷമുള്ള ആദ്യ മൽസരത്തിൽ തന്നെ മികച്ച വിജയം നേടാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.