ലീഡ് വഴങ്ങിയ ശേഷം തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ തകർപ്പൻ തിരിച്ചു വരവുമായി റയൽ മാഡ്രിഡ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഡ്രിഡിന്റെ ജയം. ജൂഡ് ബെല്ലിങ്ഹാം തന്നെ റയലിന്റെ രണ്ടു ഗോളുകളും നേടിയപ്പോൾ ഗുണ്ടോഗൻ ബാഴ്‌സയുടെ ഗോൾ കണ്ടെത്തി. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്താനും റയലിനായി.
ആദ്യ പകുതിയിൽ ബാഴ്‌സക്ക് ആയിരുന്നു മുൻതൂക്കം. പ്രതീക്ഷകൾക്ക് വിപരീതമായി ശക്തമായ റയൽ മധ്യനിരയെ പിടിച്ചു കെട്ടാനും അവസരങ്ങൾ ഒരുക്കാനും ബാഴ്‌സ മിഡ്ഫീൽഡിനായി. ഫെർമിൻ ലോപസ്, ഗുണ്ടോഗൻ, കാൻസലോ എന്നിവരുടെ പ്രകടനം നിർണായകമായി. വിനിഷ്യസിന് അരോഹോ തടയിട്ടു. ആറാം മിനിറ്റിൽ തന്നെ ബാഴ്‌സ മത്സരത്തിൽ ലീഡ് എടുത്തു. ഫെറാൻ ടോറസുമായി പാസ് ചെയ്തു മുന്നേറാനുള്ള ഗുണ്ടോഗന്റെ ശ്രമം തടയിടാൻ റയൽ പ്രതിരോധം ശ്രമിച്ചെങ്കിലും അലാബയുടെ ടാക്കിൽ ബോസ്‌കിലേക്ക് ഓടിക്കയറിയ ജർമൻ ക്യാപ്റ്റന്റെ കാലുകളിലേക്ക് തന്നെ പന്തെത്തിച്ചു. കെപ്പയേയും മറികടന്ന് ഗുണ്ടോഗൻ പന്ത് വലയിൽ എത്തിച്ചു. താരത്തിന്റെ ബാഴ്‌സക്ക് വേണ്ടിയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്. പിന്നീട് ഫെർമിൻ ലോപസിന്റെ മികച്ചൊരു ഷോട്ട് പൊസിറ്റിലിടിച്ചു മടങ്ങി. അതേ സമയം റയലിൽ നിന്നും കാര്യമായ അവസരങ്ങൾ ഉണ്ടായില്ല. റുഡിഗറുടെ ലോങ് റേഞ്ചറും ക്രൂസിന്റെ മികച്ചൊരു പാസിൽ കർവഹാളിന്റെ ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചതും ആയിരുന്നു റയലിന്റെ മികച്ച അവസരങ്ങൾ.
രണ്ടാം പകുതിയിൽ മാഡ്രിഡ് തിരിച്ചു വരവിന്റെ സൂചനകൾ നൽകി. തുടക്കത്തിൽ റോഡ്രിഗോക്ക് ലഭിച്ച അവസരം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഇനിഗോയുടെ ഹെഡർ ശ്രമം പോസ്റ്റിലിടിച്ചു മടങ്ങിയപ്പോൾ പിറകെ അരോഹോയുടെ ശ്രമം കെപ്പ തടഞ്ഞു. ക്രൂസിന്റെ ഷോട്ട് റ്റെർ സ്റ്റഗൻ തടഞ്ഞു. കാൻസലോയുടെ ഷോട്ട് റയൽ പ്രതിരോധം തടയിട്ടു. ചൗമേനിയുടെ ഷോട്ടും കീപ്പർ കൈക്കലാക്കി. പകരക്കാരനായി മോഡ്രിച്ച് എത്തിയതോടെ മാഡ്രിഡ് പൂർണമായും ആധിപത്യം പുലർത്തി. 68ആം മിനിറ്റിൽ റയൽ സമനില ഗോൾ കണ്ടെത്തി. റയലിന്റെ മുന്നേറ്റം ക്ലിയർ ചെയ്യനുള്ള ശ്രമം ബോക്സിന് പുറത്തു അവസരം കാത്തിരുന്ന ബെല്ലിങ്ഹെലിന്റെ കാലുകളിലേക്ക് പന്തെത്തിച്ചപ്പോൾ താരത്തിന്റെ തകർപ്പൻ ഒരു ലോങ് റേഞ്ചർ റ്റെർ സ്റ്റഗന് യാതൊരു അവസരവും നൽകാതെ വലയിലേക്ക് തന്നെ പതിച്ചു. പിന്നീട് റാഫിഞ്ഞയും ലെവെന്റോവ്സ്കിയും കളത്തിൽ എത്തിയതോടെ ബാഴ്‌സയും പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്നു. ഇതോടെ ഇരു ഭാഗത്തേക്കും പന്ത് തുടർച്ചായി എത്തി. ഇഞ്ചുറി ടൈമിൽ ജൂഡ് തന്നെ റയലിന്റെ വിജയ ഗോൾ കണ്ടെത്തി. കർവഹാളിന്റെ ക്രോസിൽ കൃത്യമായി ബോക്സിലേക്ക് എത്തിയ താരത്തെ തടയാൻ പ്രതിരോധ താരങ്ങൾക്ക് പിഴച്ചപ്പോൾ താരം അനായാസം ലക്ഷ്യം കണ്ടു. ഇതോടെ റയൽ മൂന്ന് പോയിന്റും സ്വന്തമാക്കി.