- റയൽ മാഡ്രിഡ് ലിവർപ്പൂളിനെ 1-0ന് തോൽപ്പിച്ച് കിരീടം നേടി
- ഇത് റയൽ മാഡ്രിഡിന്റെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം
തുടക്കവും കോർതോസ് സേവുകളും
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിതമായി നിൽക്കുന്നു. റയൽ ഗോൾകീപ്പർ കോർതോസിന്റെ മികച്ച സേവുകൾ ആണ് കളി ഗോൾ രഹിതമായി നിർത്തിയത്. ഒപ്പം അവസാനം റയലിന്റെ ഒരു ഗോൾ നിഷേധിക്കപ്പെട്ടതും കാണാൻ ആയി.
ഇന്ന് ആരാധകർ സ്റ്റേഡിയത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അര മണിക്കൂറിലധികം വൈകിയാണ് പാരീസിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആരംഭിച്ചത്. മത്സരം ആരംഭിച്ചപ്പോൾ ലിവർപൂൾ ആണ് പെട്ടെന്ന് താളം കണ്ടെത്തിയത്. മത്സരത്തിന്റെ 15ആം മിനുട്ടിൽ ലിവർപൂളിന്റെ ആദ്യ അവസരം വന്നു. വലതുവിങ്ങിലൂടെ വന്ന ട്രെന്റ് അർനോൾഡ് നൽകിയ പാസ് സലാ ഗോൾ ലക്ഷ്യമാക്കി തൊടുത്തു. കോർതോ രക്ഷയ്ക്ക് എത്തി. ഈ ഷോട്ട് മുതൽ കോർതോയുടെ ജോലി തുടങ്ങി.
രണ്ട് മിനുട്ട് കഴിഞ്ഞു മാനെയുടെ പാസിൽ നിന്ന് സലായുടെ ഒരു ഷോട്ട് കൂടെ. വീണ്ടും കോർതോ രക്ഷയ്ക്ക്. ലിവർപൂളിന്റെ വേഗത റയൽ മാഡ്രിഡിന്റെ ഡിഫൻസിന് പ്രശ്നമായി ഇരുപതാം മിനുട്ടിൽ പെനാൾട്ടി ബോക്സിന് അകത്തു നിന്ന് മാനെ തൊടുത്ത് ഷോട്ട് കോർതോയുടെ വലിയ സേവിനൊപ്പം ഗോൾ പോസ്റ്റിന്റെ കൂടെ സഹായത്തോടെയാണ് ഗോളിൽ നിന്ന് മാറി നിന്നത്.
ഗോൾ or ഓഫ്സൈഡ്?
റയൽ മാഡ്രിഡിന് അറ്റാക്കുകൾ ഒന്നും നടത്താൻ ആയില്ല. ആദ്യ പകുതിയുടെ തൊട്ടു മുമ്പ് മാത്രം ആണ് റയലിന്റെ അറ്റാക്ക് വന്നത്. 43ആം മിനുട്ടിൽ ബെൻസീമക്ക് കിട്ടിയ അവസരം താരത്തിന് ആദ്യം മുതലെടുക്കാൻ ആയില്ല എങ്കിലും രണ്ടാമതും കാലിലേക്ക് തന്നെ പന്ത് എത്തിയപ്പോൾ കരീം ബെൻസീമ അത് വലയിൽ എത്തിച്ചു. പക്ഷെ റഫറി ഓഫ് സൈഡ് വിളിച്ചു. നീണ്ട വി എ ആർ ചെക്കിന് ശേഷവും ആ ഗോൾ അനുവദിക്കപ്പെട്ടില്ല. ഫബിനോയുടെ ടച്ചിൽ ആണ് ഒഅന്ത് ബെൻസീമയിൽ എത്തിയത് എങ്കിലും ഇന്റൻഷനോടെയുള്ള ടച്ച് അല്ല എന്നത് പറഞ്ഞാണ് വാർ അറ്റ്ജ് ഓഫ്സൈഡ് ആണെന്ന് തന്നെ വിധിച്ചത്. അതുകൊണ്ട് തന്നെ ആദ്യ പകുതി കളി ഗോൾ രഹിതമായി അവസാനിച്ചു.
ലാറ്റിനമേരിക്കൻ കൂട്ടുകെട്ടിൽ വിനീഷ്യസിന്റെ ഗോൾ
രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് പുതിയ ഊർജ്ജത്തോടെയാണ് കളിച്ചത്. 58ആം മിനുട്ടിൽ റയൽ മാഡ്രിഡ് പാരീസിൽ ഗ്യാലറിയിൽ ഉണ്ടായിരുന്ന റയൽ മാഡ്രിഡ് ആരാധകരെ സന്തോഷിപ്പിച്ച് കൊണ്ട് ലീഡ് കണ്ടെത്തി. വലതു വിങ്ങിലൂടെ കുതിച്ചെത്തിയ വാല്വെർഡെ ഡ്രിൽ ചെയ്ത് നൽകിയ പാസ് ബാക്ക് പോസ്റ്റിലൂടെ വന്ന വിനീഷ്യസ് വലയിൽ എത്തിച്ചു. റയൽ 1-0ന് മുന്നിൽ. വിനീഷ്യസിന്റെ ഈ സീസണിലെ നാലാം ചാമ്പ്യൻസ് ലീഗ് ഗോൾ.
തിരിച്ചടിക്കാൻ വിടാതെ കോർതോ
ലിവർപൂൾ സലായിലൂടെ അധികം താമസിയാതെ ഒരിക്കൽ കൂടെ കോർതോയെ പരീക്ഷിച്ചു എങ്കിലും കീഴ്പ്പെടുത്താൻ ആയില്ല. അവർ ലൂയിസിനെ പിൻവലിച്ച് ജോടയെ കളത്തിൽ ഇറക്കി നോക്കി. 68ആം മിനുട്ടിൽ വീണ്ടും സലായെ കോർതോ തടഞ്ഞു. ലിവർപൂൾ ഫർമീനോയെയും രംഗത്ത് ഇറക്കി അറ്റാക്കിൽ ആൾക്കാരെ നിറച്ചു. എങ്കിലും കോർതോ റയലിനെ ലീഡിൽ നിർത്തി. 82ആം മിനുട്ടിൽ ഒരു കോർതോ സേവ് കൂടെ.
14ആം ചാമ്പ്യൻസ് ലീഗ് മുത്തം
റയൽ മാഡ്രിഡിന്റെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. റയൽ മാഡ്രിഡ് 2018ലും ലിവർപൂളിനെ ഫൈനലിൽ കീഴ്പ്പെടുത്തി ആയിരുന്നു കിരീടം നേടിയത്. സീസണിൽ അവസാന ലാപ്പ് വരെ ഗംഭീരമായി കളിച്ച ലിവർപൂളിന് അവസാനം പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നഷ്ടമായത് വലിയ വേദന നൽകും.