ലോകകപ്പ് തുടങ്ങിയപ്പോൾ അലക്സ് മോർഗൻ തന്നെ ആകും അമേരിക്കയുടെ പ്രധാന താരമാവുക എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഇടതു വിങ്ങിൽ കളിക്കുന്ന 35കാരിയായ റപീനോയ്ക്ക് ആണ് അമേരിക്കയുടെ ഈ ലോകകപ്പ് വിജയത്തിലെ പ്രധാന കയ്യടികൾ പോകേണ്ടത്. ഇന്ന് അമേരിക്ക തങ്ങളുടെ നാലാം ലോകകിരീടം ഉയർത്തിയപ്പോൾ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും ഒക്കെ സ്വന്തമാക്കിയത് റപീനോ ആയിരുന്നു. ക്യാപ്റ്റൻ ആം ബാൻഡുകൾ റൊട്ടേറ്റ് ചെയ്യപ്പെട്ടെങ്കിലും ആം ബാൻഡ് ഉണ്ടായാലും ഇല്ലായെങ്കിലും ഒക്കെ റപീനോ ആയിരുന്നു അമേരിക്കയുടെ നായിക.
അമേരിക്കൻ ടീമിനെ നയിച്ച റപീന ഇന്ന് ഫൈനലിലെ ഗോളടക്കം ആറു ഗോളുകൾ ആണ് ഈ ടൂർണമെന്റിൽ അടിച്ചു കൂട്ടിയത്. അമേരിക്കയുടെ അലക്സ് മോർഗനും, ഇംഗ്ലണ്ടിന്റെ വൈറ്റും ആറു ഗോൾ വീതം അടിച്ചിട്ടുണ്ട് എങ്കിലും ഏറ്റവും കുറവ് സമയം കളിച്ച റപീനോ ആയതിനാൽ റപീനോയ്ക്കാണ് ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ലഭിച്ചത്.
റപീനോ നേടിയ ആറു ഗോളുകളിൽ അഞ്ചും നോക്കൗട്ട് ഘട്ടത്തിലാണ് വന്നത് എന്നത് ഗോളിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇന്ന് ഫൈനലിൽ ഗോൾ നേടിയതോടെ ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടുയ താരമായും റപീനോ മാറി. തന്റെ 50ആം അന്താരാഷ്ട്ര കരിയർ ഗോളും റപീനോ ഇന്ന് നേടി. ഈ ഗോളുകൾക്ക് ഒപ്പം മൂന്ന് അസിസ്റ്റും ഈ ലോകകപ്പിൽ റപീനോ സംഭാവന ചെയ്തിരുന്നു. ഇന്നത്തെ മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും റപീനോയ്ക്കായിരുന്നു ലഭിച്ചത്.