ഐ പി എല്ലിൽ ഇന്ന് ദുബായിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ രാജസ്ഥാന് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തി 177 റൺസ് ആണ് എടുത്തത്. ക്യാപ്റ്റൻ സ്മിത്തിന്റെയും ഓപ്പണറായി സ്ഥാന കയറ്റം കിട്ടിയ ഉത്തപ്പയുടെയും മികവിലാണ് രാജസ്ഥാൻ വലിയ സ്കോർ ഉയർത്തിയത്. പതിവിൽ നിന്ന് മാറ്റവുമായി ഉത്തപ്പ ആയിരുന്നു ബെൻ സ്റ്റോക്സിനൊപ്പം ഇന്ന് ബാറ്റ് ഓപ്പൺ ചെയതത്.
സ്റ്റോക്സ് ഇന്നും നിരാശപ്പെടുത്തി (15 റൺസ്) എങ്കിലും ഉത്തപ്പ തകർത്തു കളിച്ചു. 22 പന്തിൽ നിന്ന് 41 റൺസ് എടുത്താണ് ഉത്തപ്പ ക്രീസ് വിട്ടത്. ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്സ്. മലയാളി താരം സാംസണ് ഇന്നും ഫോം കണ്ടെത്താൻ ആകാതെ പെട്ടെന്ന് പുറത്തായി. ഒമ്പത് റൺസ് എടുത്ത സാംസൺ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്.
പിന്നീട് വന്ന ബട്ലറും സ്മിത്തും വിക്കറ്റ് കളയാതെ ഇന്നിങ്സ് പടുത്തു. ബട്ലർ 24 റൺസിന് പുറത്തായി എങ്കിലും സ്മിത്ത് ആക്രമിച്ച് കളിച്ച് രാജസ്ഥാന് മികച്ച സ്കോർ നൽകി. 36 പന്തിൽ 57 റൺസ് എടുക്കാൻ സ്മിത്തിനായി. 11 പന്തിൽ 19 റൺസ് എടുത്ത് തെവാത്തിയ പുറത്താകാതെ നിന്നു. ബെംഗളൂരുവിന് വേണ്ടി ക്രിസ് മോറിസ് നാലു വിക്കറ്റുകളും ചാഹൽ രണ്ട് വിക്കറ്റും വീഴ്ത്തി.