രോഹിത്തിനെയും സംഘത്തിനെയും പ്രശംസിച്ച് റെയ്‍ന

Sports Correspondent

2016ല്‍ ഏഷ്യ കപ്പ് വിജയിച്ച ടീമിലംഗമായ സുരേഷ് റെയ്‍ന ഏഴാം തവണ കിരീടമുയര്‍ത്തിയ ഏഷ്യ കപ്പ് ടീമിനു ആശംസ അറിയിച്ചു. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് റെയ്‍ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് വിജയത്തിനുള്ള ആശംസ കൈമാറിയത്. ഏഷ്യന്‍ ഗെയിംസില്‍ ശക്തമായ പ്രകടനം നടത്തി ഫൈനലിലേക്ക് എത്തിയ ഇന്ത്യയ്ക്ക് എന്നാല്‍ ഫൈനല്‍ അത്ര എളുപ്പമായിരുന്നില്ല. 223 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് മൂന്ന് വിക്കറ്റ് ജയം നേടിയത്.

രവീന്ദ്ര ജഡേജയ്ക്കും ഭുവനേശ്വര്‍കുമാറിനൊപ്പം കേധാര്‍ ജാഥവും നടത്തിയ പ്രകടനമാണ് ഇന്ത്യയെ ഏഴാം കിരീടത്തിലേക്ക നയിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലും സമാനമായ രീതിയില്‍ ഹോങ്കോംഗിനെതിരെ നേടിയ വിജയത്തിനു ശേഷം പാക്കിസ്ഥാനെ രണ്ട് വട്ടവും ബംഗ്ലാദേശിനെയും ആധികാരികമായി തകര്‍ത്തെറിഞ്ഞ ഇന്ത്യ സൂപ്പര്‍ ഫോര്‍ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് സമനില വഴങ്ങിയിരുന്നു.