പാക്കിസ്ഥാനെതിരെ വനിത ടി20 ലോകകപ്പില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങി ബാറ്റിംഗ് അവസാനിപ്പിച്ചപ്പോള്‍ ലോകകപ്പിലെ ആദ്യ വിജയം തായ്‍ലാന്‍ഡ് സ്വപ്നം കണ്ടിരുന്നു. 20 ഓവറില്‍ ടീം 150/3 എന്ന നിലയില്‍ സ്കോര്‍ ചെയ്തപ്പോള്‍ ചരിത്ര വിജയമെന്ന തായ്‍ലാന്‍ഡിന്റെ മോഹങ്ങള്‍ക്ക് വിഘ്നമായി മഴയെത്തുകയായിരുന്നു.
പാക്കിസ്ഥാന്‍ ഇന്നിംഗ്സ് ആരംഭിയ്ക്കുവാന്‍ പോലും സാധിക്കാതെ മഴ കളി മുടക്കിയപ്പോള്‍ ചരിത്രം പിറക്കുമെന്ന തായ്‍ലാന്‍ഡ് സ്വപ്നങ്ങള്‍ കരിഞ്ഞു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച തായ്‍ലാന്‍ഡിന് വേണ്ടി നാട്ടാകന്‍ ചാന്റം 56 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. നട്ടായ ബൂചാത്തം 44 റണ്‍സ് നേടിയപ്പോള്‍ ചനിഡ സുതിരുംഗ് 20 റണ്‍സും നാന്നാപട് കോഞ്ചാരോന്‍കൈയും 20 റണ്‍സ് നേടുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ നേടിയ 93 റണ്‍സാണ് തായ്‍ലാന്‍ഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. തന്റെ അര്‍ദ്ധ ശതകം നഷ്ടമായ ബൂചാത്തം കണ്ണീരണിഞ്ഞാണ് പവലിയനിലേക്ക് മടങ്ങിയത്. ആദ്യ വിക്കറ്റ് നഷ്ടമായി തൊട്ടടുത്ത ഓവറില്‍ ചാന്റം തന്റെ അര്‍ദ്ധ ശതകം നേടി.
പാക്കിസ്ഥാന്‍ ചരിത്രത്തില്‍ 139ന് മുകളിലൊരു സ്കോര്‍ ചേസ് ചെയ്ത് നേടിയിട്ടില്ല എന്നതും തായ്‍ലാന്‍ഡിന് സാധ്യതകള്‍ നല്‍കുന്നതായിരുന്നു. എന്നാല്‍ മഴ വില്ലനായി അവതരിച്ചപ്പോള്‍ ക്രിക്കറ്റിലെ ഒരു മനോഹര നിമിഷം കൂടി ഇല്ലാതാകുകയായിരുന്നു.