ടെന്നീസ് ചരിത്രം കണ്ട ഏറ്റവും മഹാനായ താരം ആരാണ് എന്ന ചോദ്യം ഫുട്ബോളിൽ റൊണാൾഡോ, മെസ്സി തർക്കം എന്ന പോലെ വലിയ തർക്കം ആയി ടെന്നീസ് ആരാധകർക്കും, പണ്ഡിറ്റ്കൾക്കും ഇടയിൽ നിൽക്കുന്ന ഒന്നാണ്. റോജർ ഫെഡറർ ആണോ റാഫേൽ നദാൽ ആണോ അല്ല നൊവാക് ജ്യോക്കോവിച്ച് ആണോ ഇനി അതുമല്ല മുമ്പത്തെ ഇതിഹാസങ്ങൾ ആണോ തർക്കം ഒരിക്കലും തീരാതെ തുടർന്ന് കൊണ്ടേയിരിക്കും. എന്നാൽ ആർക്കും സംശയം ഇല്ലാത്ത ഒരേയൊരു വസ്തുത ടെന്നീസിൽ ഏറ്റവും കടുപ്പമുള്ള പ്രതലം എന്നറിയപ്പെടുന്ന കളിമണ്ണ് മൈതാനത്ത് റാഫേൽ നദാൽ എന്ന സ്പാനിഷ് ഇതിഹാസ താരത്തിനുള്ള അസാധ്യം എന്നു മാത്രം വിളിക്കാവുന്ന ആധിപത്യം തന്നെയാണ്. കളിച്ച 68 കളിമണ്ണ് ടൂർണമെന്റ്കളിൽ 60 എണ്ണത്തിലും ജയം കളിമണ്ണ് മൈതാനത്തിലെ ദൈവത്തിനു ഒപ്പം ആയിരുന്നു.
16 തവണ ഫ്രഞ്ച് ഓപ്പണിന് ഇറങ്ങിയ നദാലിന്റെ റോളണ്ട് ഗാരോസിലെ റെക്കോർഡ് അവിശ്വസനീയം തന്നെയാണ്. 2016 ൽ പരിക്കേറ്റ് പിന്മാറിയപ്പോൾ 2009 തിലും 2015 ലും നദാൽ ക്വാർട്ടർ ഫൈനലിൽ തോൽവി ഏറ്റു വാങ്ങി. എന്നാൽ മറ്റ് 13 തവണയും 2005 മുതൽ 2020 വരെ നദാൽ ആയിരുന്നു റോളണ്ട് ഗാരോസിലെ ഒരേയൊരു രാജാവ്. അതെ, കളിച്ച 13 ഫൈനലിലും ജയം, അതും എക്കാലത്തെയും മഹത്തായ 2 താരങ്ങൾ ആയ റോജർ ഫെഡറർ, നൊവാക് ജ്യോക്കോവിച്ച് എന്നിവർ കളിക്കുന്ന അതേയുഗത്തിൽ. കളിച്ച 102 മത്സരങ്ങളിൽ 100 ജയം, രണ്ടു തോൽവി ഇതാണ് നദാലിന്റെ ഫ്രഞ്ച് ഓപ്പണിലെ റെക്കോർഡ്. ഏറ്റവും കറുപ്പമേറിയ ഗ്രാന്റ് സ്ലാം എന്നു ലോകം വിളിച്ച ഫ്രഞ്ച് ഓപ്പൺ പക്ഷെ നദാലിന് ഏറ്റവും എളുപ്പം ഉള്ളത് ആയി. അവിടെ അയ്യാൾ ദൈവത്തിനു തുല്യൻ ആയി. തന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള നൊവാക് ജ്യോക്കോവിച്ച് പോലും അയ്യാൾക്ക് മുന്നിൽ വെറും കാഴ്ചക്കാരൻ ആവുന്നത് അത് കൊണ്ടാണ്.
11 തവണ മോണ്ടെ കാർലോ എ ടി പി 1000 മാസ്റ്റേഴ്സ് കിരീടങ്ങളും 9 റോം എ ടി പി 1000 മാസ്റ്റേഴ്സ് കിരീടങ്ങളും നദാൽ ഫ്രഞ്ച് ഓപ്പണിന് പിറകെ കളിമണ്ണ് മൈതാനത്ത് സ്വന്തമാക്കിയത് ആണ്. ഓപ്പൺ യുഗത്തിൽ 3 ടൂർണമെന്റ് 9 തവണ നേടുന്ന ഏക താരം കൂടിയാണ് ആണ് നദാൽ. ഓപ്പൺ യുഗത്തിൽ 11 തവണ ഒരു ടൂർണമെന്റ് ജയിക്കുന്ന ആദ്യ താരവും നദാൽ ആണ്. 2005 മുതൽ 2007 വരെ കളിമണ്ണ് മൈതാനത്ത് 81 മത്സരങ്ങൾ തുടർച്ചയായി ജയം കണ്ടു ഒരു പ്രതലത്തിൽ ഏറ്റവും കൂടുതൽ തുടർച്ചയായി ജയം കണ്ട റെക്കോർഡും നദാൽ സ്വന്തമാക്കി. തുടർച്ചയായി രണ്ടു പ്രാവശ്യം നദാൽ ഇത് വരെ കളിമണ്ണ് മൈതാനത്ത് തോൽവി വഴങ്ങിയിട്ടില്ല. സ്ത്രീ ആവട്ടെ പുരുഷൻ ആവട്ടെ ഒരു ഗ്രാന്റ് സ്ലാം ഏറ്റവും കൂടുതൽ തവണ നേടിയ റെക്കോർഡും ഫ്രഞ്ച് ഓപ്പൺ 13 തവണ നേടിയ നദാലിന് മാത്രം സ്വന്തം ആണ്. പ്രായം നദാലിന് മേൽ ഒരു യാഥാർഥ്യം ആയി നിൽക്കുമ്പോൾ പോലും അടുത്ത വർഷം എങ്കിലും നദാലിന് കളിമണ്ണ് മൈതാനത്ത്, റോളണ്ട് ഗാരോസിൽ ഉള്ള ആധിപത്യം തകർക്കാൻ ആർക്കെങ്കിലും ആവുമോ എന്നു കാത്തിരുന്നു തന്നെ അറിയാം.