ഖത്തറിന്റെ പരാജയവുമായി ഖത്തർ ലോകകപ്പ് ടൂർണമെന്റിന് തുടക്കം. ഇന്ന് ദോഹയിൽ നടന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോർ ആണ് ഖത്തറിനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ എന്നർ വലൻസിയ നേടിയ ഇരട്ട ഗോളുകളാണ് ഇക്വഡോറിന് കരുത്തായത്. ഇതാദ്യമായാണ് ഒരു ആതിഥേയ രാജ്യം ഒരു ലോകകപ്പ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്നത്.
ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഇക്വഡോർ മുന്നിൽ എത്തിയിരുന്നു. ഒരു ഫ്രീകിക്കിൽ നിന്ന് പിറന്ന അവസരം എന്നർ വലൻസിയ ഗോളാക്കി മാറ്റി. ആഹ്ലാദവും നടന്നു. എന്നാൽ ബിൽഡ് അപ്പിൽ ഒരു ഓഫ് സൈഡ് ഉണ്ടെന്ന് വാർ കണ്ടെത്തിയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു.
പക്ഷെ വലൻസിയയെയും ഇക്വഡോറിനെയും അധിക നേരം പിടിച്ചു നിർത്താൻ ഖത്തറിനായില്ല. മൈക്കിൾ എസ്ട്രാഡ നൽകിയ ഒരു ത്രൂ പാസ് കൈക്കലാക്കി മുന്നേറിയ വലൻസിയയെ ഖത്തർ പെനാൾട്ടി ബോക്സിൽ വീഴ്ത്തി. പിന്നാലെ പെനാൾട്ടി വിസിൽ വന്നു. വലൻസിയ തന്നെ പെനാൾട്ടി എടുത്ത് അനായാസം ലക്ഷ്യം കണ്ടു.
31ആം മിനുട്ടിൽ വലൻസിയ വീണ്ടും വല കണ്ടെത്തി. ഇത്തവണ പ്രെസിയാഡോ നൽകിയ ക്രോസ് തലവെച്ച് എന്നർ വലൻസിയ വലയിൽ എത്തിക്കുക ആയിരുന്നു. ആദ്യ പകുതിയുടെ അവസാനം വരെ നല്ല ഒരു അവസരം വരെ സൃഷ്ടിക്കാൻ ഖത്തറിന് ആയില്ല. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ആണ് നല്ല ഒരു അവസരം സൃഷ്ടിക്കാൻ ഖത്തറിന് ആയത്. ആ അവസരം അലിക്ക് ലക്ഷ്യത്തിൽ എത്തിക്കാനും ആയില്ല.
രണ്ടാം പകുതിയിലും കാര്യങ്ങൾ മെച്ചപ്പെട്ടില്ല. ഖത്തർ കുറച്ച് കൂടെ പന്ത് കണ്ടു എങ്കിലും ഇക്വഡോറിന് ഒരു ഭീഷണി ഉയർത്താൻ ആതിഥേയർക്ക് ആയില്ല. വലിയ പ്രയാസം ഇല്ലാതെ വിജയം ഉറപ്പിക്കാൻ ആണ് ഇക്വഡോർ രണ്ടാം പകുതിയിൽ ശ്രമിച്ചത്.
അവസാന ആറ് മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങാത്ത ഇക്വഡോറിന് മുന്നിൽ ഇനി ഗ്രൂപ്പ് ഘട്ടത്തിൽ നെതർലന്റ്സും സെനഗലും ആകും മുന്നിൽ ഉള്ളത്.
നാളെ ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ നടക്കും. വൈകിട്ട് 6.30ന്റെ മത്സരത്തിൽ ഇംഗ്ലണ്ട് ഇറാനെ നേരിടും. 9.30ന് നടക്കുന്ന മത്സരത്തിൽ നെതർലന്റ്സ് സെനഗലിനെയും, അർധ രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ അമേരിക്ക വെയിൽസിനെയും നേരിടും.