സി കെ വിനീതിന് ആദ്യ ഗോൾ!! ഇഞ്ച്വറി ടൈമിലെ ഇരട്ട ഗോളിൽ ത്രില്ലർ വിജയിച്ച് പഞ്ചാബ് എഫ് സി

ഐലീഗിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിന് ഒരു ഗംഭീര വിജയം. ഇന്ന് ഐസാളിനെ നേരിട്ട പഞ്ചാബ് എഫ് സി മൂന്നിനെതിരെ നാലു ഗോളുകളുടെ അത്യുഗ്രൻ വിജയമാണ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 3-2ന് പിറകിലായിരുന്ന പഞ്ചാബ് എഫ് സി ഇഞ്ച്വറി ടൈമിലെ ഇരട്ട ഗോളിൽ ആണ് 4-3ന്റെ വിജയാക്കി മാറ്റിയത്. പഞ്ചാബ് എഫ് സിക്കായി ആദ്യമായി ആദ്യ ഇലവനിൽ ഇറങ്ങിയ മലയാളി താരം സി കെ വിനീത് ഇന്ന് ഗോളുമായി തിളങ്ങി.
Img 20220311 184404

24ആം മിനുട്ടിൽ ഡേവിഡ് സാറ്റെയിലൂടെ ഐസാൾ ആയിരുന്നു മുന്നിൽ എത്തിയത്. ഇതിന് മറുപടിയായി സി കെ വിനീത് 38ആം മിനുട്ടിൽ പഞ്ചാബിന് സമനില നൽകി. രണ്ട് മിനുട്ടുകൾ കഴിഞ്ഞപ്പോൾ വീണ്ടും ഐസാൾ ലീഡ് എടുത്തു. ചുങ ആയിരുന്നു ആ ഗോൾ നേടിയത്. താമസിയാതെ 45ആം മിനുട്ടിൽ പഞ്ചാബിനായി ജൊസേബയുടെ ഗോൾ‌. ഹാഫ് ടൈമിൽ സ്കോർ 2-2.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ദിപാന്ത വീണ്ടും ഐസാളിന് ലീഡ് നൽകി. ഈ ലീഡ് 92ആം മിനുട്ട് വരെ നീണ്ടു നിന്നു. അവസാനം 92ആം മിനുട്ടിൽ കർടിസ് പഞ്ചാബിന് സമനില നൽകി. ഈ ഷോക്ക് മാറും മുമ്പ് ഐസാൾ വലയിൽ വീണ്ടും ഗോൾ എത്തിച്ച് ബികാസ് പഞ്ചാബിന് വിജയവും മൂന്ന് പോയിന്റും നൽകി. ഈ വിജയത്തോടെ 4 മത്സരങ്ങളിൽ നിന്ന് പഞ്ചാബിന് 10 പോയിന്റ് ആയി.