ഇന്ത്യക്ക് അഭിമാനം ആയി ഇന്ത്യൻ ബാഡ്മിന്റൺ പരിശീലകൻ ആയ പുല്ലേല ഗോപിചന്ദ്. 2019 ലെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിൽ പുരുഷന്മാരിൽ പരിശീലകരുടെ ആജീവനാന്ത അവാർഡിൽ പ്രത്യേക പരാമർശം ഏറ്റ് വാങ്ങിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പരിശീലകൻ ആയി പുല്ലേല ഗോപിചന്ദ് മാറി. നിലവിൽ ഇന്ത്യൻ ബാഡ്മിന്റണിന്റെ മുഖ്യപരിശീലകൻ ആണ് ഗോപിചന്ദ്. ഈ കഴിഞ്ഞ വർഷങ്ങളിൽ ഗോപിചന്ദ് ഇന്ത്യൻ ബാഡ്മിന്റണും കായിക രംഗത്തിനും നൽകിയ വലിയ സംഭാവനകൾ പരിഗണിച്ച് ആണ് അദ്ദേഹത്തെ തേടി ഈ അംഗീകാരം എത്തുന്നത്.
ഇന്ത്യൻ ബാഡ്മിന്റണിന്റെ വളർച്ചക്ക് ഗോപിചന്ദ് സമീപകാലത്ത് വലിയ സംഭാവനകൾ ആണ് നൽകിയത്. ഗോപിചന്ദിന്റെ ശിഷ്യയായ പി.വി സിന്ധു 2016 ൽ ഒളിമ്പിക് വെള്ളി മെഡൽ നേട്ടം കൈവരിച്ചത് അടക്കം ഇതിൽ ഉൾപ്പെടുന്നു. മുൻ താരം കൂടിയായ ഗോപിചന്ദിന്റെ ഇന്ത്യയിലെ ബാഡ്മിന്റണിന്റെ വളർച്ചക്ക് നൽകിയ സംഭാവനകൾ അങ്ങനെ അന്താരാഷ്ട്ര അംഗീകാരം നേടുകയാണ്. പരിശീലകരുടെ നേട്ടങ്ങൾ അംഗീകരിക്കുകയും ബഹുമതികൾ നൽകുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വർഷങ്ങളായി നൽകി വരുന്ന അവാർഡുകൾ ആണ് പരിശീലകർക്കുള്ള ആജീവനാന്ത അവാർഡുകൾ. അതിനാൽ തന്നെ ഗോപിചന്ദിന്റെ നേട്ടം ഇന്ത്യക്ക് വലിയ അഭിമാനം ആവുകയാണ്.