പവറാണ് പവൽ!!! വിവാദ നിമിഷങ്ങള്‍ക്ക് ശേഷം ഡൽഹി വീണു, രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മത്സരത്തിലെ പല ഘട്ടത്തിലും ചേസിംഗിൽ രാജസ്ഥാനൊപ്പം നിന്നുവെങ്കിലും വലിയ സ്കോര്‍ മറികടക്കാനാകാതെ ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവര്‍ എറിയാനെത്തിയ ഒബേദ് മക്കോയിയ്ക്ക് കാര്യങ്ങള്‍ നിസാരമായിരുന്നു. എറിയേണ്ടത് ഒരു ഡോട്ട് ബോള്‍ അല്ലെങ്കിൽ ആറ് സിക്സ് വഴങ്ങാതിരിക്കുക. എന്നാൽ താരത്തിന്റെ രണ്ടാമത്തെ ഓവറിൽ 26 റൺസ് പിറന്നതിന്റെ സമ്മര്‍ദ്ദം ഉള്ളതിനാലാണോ എന്നറിയില്ല ഓവറിലെ ആദ്യ മൂന്ന് പന്തിൽ റോവ്മന്‍ പവൽ സിക്സര്‍ നേടി. എന്നാൽ മൂന്നാമത്തെ പന്ത് നോ ബോള്‍ ആയിരുന്നു വിളിക്കേണ്ടതെന്ന് ഋഷഭ് പന്ത് അതൃപ്തി അറിയിച്ച താരം റോവ്മന്‍ പവലിനോട് തിരികെ വരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡൽഹി കോച്ച് പ്രവീൺ ആംറേ ഗ്രൗണ്ടിൽ ഇറങ്ങിയതും വാങ്കഡേയിൽ കാണാനായി.

എന്നാൽ ഈ സംഭവങ്ങള്‍ക്ക് ശേഷം മത്സരം തുടര്‍ന്നുവെങ്കിലും ആ മൂന്ന് പന്തുകളിൽ റോവ്മന്‍ പവൽ കാണിച്ച ഹീറോയിസം പിന്നീട് താരത്തിന് പുറത്തെടുക്കുവാന്‍ സാധിച്ചില്ല. അവസാന പന്തിൽ 15 പന്തിൽ 36 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ 207/8 എന്ന നിലയിൽ ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 15 റൺസ് വിജയം നേടി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി.

കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഡൽഹിയ്ക്ക് മികച്ച തുടക്കമാണ് ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് നൽകിയത്. ഡേവിഡ് വാര്‍ണര്‍ മടങ്ങുമ്പോള്‍ ഡൽഹി 43 റൺസാണ് 4.3 ഓവറിൽ നേടിയത്. 14 പന്തിൽ 28 റൺസ് നേടി അപകടാരിയായി മാറുകയായിരുന്ന വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്.

Rajasthanroyals

അശ്വിനെ ആക്രമിക്കുവാന്‍ ശ്രമിച്ച് സര്‍ഫ്രാസ് ഖാനും പുറത്തായപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ രണ്ട് വിക്കറ്റ് ഡൽഹിയ്ക്ക് നഷ്ടമായി. എട്ടോവര്‍ വരെ പിടിച്ച് പന്തെറിയുകയായിരുന്ന രാജസ്ഥാന് പെട്ടെന്ന് കാര്യങ്ങള്‍ കൈവിടുന്നതാണ് കണ്ടത്. ഒബൈദ് മക്കോയി എറിഞ്ഞ ഓവറിൽ 26 റൺസ് പിറന്നപ്പോള്‍ 9 ഓവറിൽ 95/2 എന്ന നിലയിൽ ഡൽഹി തങ്ങളുടെ സാധ്യത നിലനിര്‍ത്തി.

എന്നാൽ അടുത്ത ഓവറിൽ സഞ്ജു അശ്വിനെ ഇറക്കിയപ്പോള്‍ താരം പൃഥ്വി ഷായുടെ വിക്കറ്റ് സ്വന്തമാക്കി. 27 പന്തിൽ 37 റൺസ് നേടിയ പൃഥ്വി മടങ്ങുമ്പോള്‍ 51 റൺസാണ് പൃഥ്വിയും പന്തും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്. റിയാന്‍ പരാഗിന് 11ാം ഓവര്‍ നൽകിയ സഞ്ജുവിന് വീണ്ടും പിഴച്ചപ്പോള്‍ ഓവറിൽ നിന്ന് 22 റൺ കൂടി വന്നു.

8 ഓവര്‍ പിന്നിടുമ്പോള്‍ 69/2 എന്ന നിലയിലായിരുന്ന ഡൽഹി 11 ഓവര്‍ അവസാനിക്കുമ്പോള്‍ 121/3 എന്ന കരുതുറ്റ നിലയിലായിരുന്നു. 52 റൺസാണ് ഈ മൂന്നോവറിൽ പിറന്നത്. പ്രസിദ്ധ് എറിഞ്ഞ അടുത്ത ഓവറിൽ ചഹാല്‍ പന്തിന്റെ ക്യാച്ച് കൈവിട്ടുവെങ്കിലും അതേ ഓവറിൽ തന്നെ മികച്ചൊരു ക്യാച്ചിലൂടെ പടിക്കൽ പന്തിനെ പുറത്താക്കി. 24 പന്തിൽ 44 റൺസായിരുന്നു ഡൽഹി ക്യാപ്റ്റന്റെ സംഭാവന.

പിന്നീട് ലളിത് യാദവിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കണ്ടത്. താരം പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വളരെ വലുതായതിനാൽ തന്നെ ടീമിനെ വിജയത്തിലേക്ക് എത്തിക്കു പ്രയാസമായിരുന്നു. അവസാന മൂന്നോവറിൽ 51 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്.

ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ കാര്യമായ സ്കോര്‍ ചെയ്യുവാന്‍ ഡൽഹിയ്ക്കായില്ലെങ്കിലും അവസാന മൂന്ന് പന്തിൽ രണ്ട് സിക്സ് റോവ്മന്‍ പവൽ നേടിയതോടെ ലക്ഷ്യം 12 പന്തിൽ 36 റൺസായി മാറി. 19ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ ലളിത് യാദവിനെ മടക്കിയപ്പോള്‍ താരം 24 പന്തിൽ 37 റൺസാണ് നേടിയത്. ഡൽഹിയുടെ ലക്ഷ്യം 9 പന്തിൽ 36 റൺസും ആയി വര്‍ദ്ധിച്ചു.

പ്രസിദ്ധ് ആ ഓവര്‍ വിക്കറ്റ് മെയ്ഡനായി അവസാനിപ്പിച്ചപ്പോള്‍ അവസാന ഓവറിൽ റോവ്മന്‍ പവല്‍ നേടേണ്ടിയിരുന്നത് ആറ് സിക്സുകളായിരുന്നു. ആദ്യ മൂന്ന് പന്തിൽ താരം സിക്സ് നേടിയെങ്കിലും പിന്നീട് ഗ്രൗണ്ടിൽ നടന്ന സംഭവങ്ങള്‍ ആ നേട്ടം ആവര്‍ത്തിക്കുന്നതിൽ നിന്ന് പവലിനെ തടയുകയായിരുന്നു.