വീണ്ടും ലോക റെക്കോർഡ് ആരാധകരും ആയി ക്യാമ്പ് ന്യൂ, ആദ്യ പാദ സെമിയിൽ വോൾസ്ബർഗിനെ തകർത്തെറിഞ്ഞു ബാഴ്‌സലോണ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ ജർമ്മൻ ക്ലബ് വോൾസ്ബർഗിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തെറിഞ്ഞു ബാഴ്‌സലോണ ഫൈനൽ ഏതാണ്ട് ഉറപ്പിച്ചു. ഒരു വനിത മത്സരത്തിന് എത്തുന്ന ഏറ്റവും അധികം കാണികളെ നിറച്ച ക്യാമ്പ് ന്യൂ വീണ്ടും റെക്കോർഡ് ഇട്ടു. കഴിഞ്ഞ മത്സരത്തിൽ സ്ഥാപിച്ച റെക്കോർഡ് 91,648 ആളുകൾ എന്ന പുതിയ റെക്കോർഡ് ആയി ബാഴ്‌സലോണ പുതുക്കി പണിഞ്ഞു. ലോക റെക്കോർഡ് കാണികൾക്ക് മുന്നിൽ നിലവിലെ ജേതാക്കൾ ആയ ബാഴ്‌സലോണയുടെ വലിയ ആധിപത്യം ആണ് പ്രതീക്ഷിച്ച പോലെ മത്സരത്തിൽ കണ്ടത്. ഏതാണ്ട് 70 ശതമാനം സമയവും പന്ത് കൈവശം വച്ച ബാഴ്‌സലോണ 33 ഷോട്ടുകൾ ആണ് മത്സരത്തിൽ അടിച്ചത് ഇതിൽ 20 എണ്ണവും ലക്ഷ്യത്തിലേക്കും ആയിരുന്നു.

20220423 003350

മത്സരം തുടങ്ങി 2 മിനിറ്റു 19 സെക്കന്റുകൾക്ക് ഉള്ളിൽ ബാഴ്‌സലോണ മത്സരത്തിൽ മുന്നിലെത്തി. ഫ്രിദോലിന റോൽഫോയുടെ പാസിൽ നിന്നു മധ്യനിര താരം അയിറ്റാനാ ബോൺമാറ്റി ബാഴ്‌സയുടെ ആദ്യ ഗോൾ നേടി. പത്താം മിനിറ്റിൽ ബാഴ്‌സലോണ ഗോൾ നേട്ടം ഇരട്ടിയാക്കി. ഇത്തവണ അന്ന മരിയയുടെ പാസിൽ നിന്നു കരോളിന ഹാൻസൻ ആണ് ബാഴ്‌സലോണക്ക് ആയി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിൽ തന്നെ ബാഴ്‌സലോണ രണ്ടു ഗോളുകൾ കൂടി നേടി വലിയ ജയം ഉറപ്പിച്ചു. 33 മത്തെ മിനിറ്റിൽ മാർത്ത ട്രോജോന്റെ പാസിൽ നിന്നു ജെന്നി ഹെർമാസോ ആയിരുന്നു ബാഴ്‌സലോണയുടെ മൂന്നാം ഗോൾ നേടിയത്.

20220423 003649

തുടർന്ന് സൂപ്പർ താരം അലക്സിയ പുറ്റലസിന്റെ അവസരം ആയിരുന്നു. പാത്രി ഗുഹാരിയോയുടെ പാസിൽ നിന്നു ബാഴ്‌സലോണ സൂപ്പർ താരം 38 മത്തെ മിനിറ്റിൽ നാലാം ഗോളും ബാഴ്‌സയുടെ വലിയ ജയവും ഉറപ്പിച്ചു. രണ്ടാം പകുതിയിൽ 70 മത്തെ മിനിറ്റിൽ വോൾസ്ബർഗ് ആശ്വാസ ഗോൾ കണ്ടത്തി. ഒരു കൗണ്ടർ അറ്റാക്കിൽ തബയെയുടെ പാസിൽ നിന്നു ജിൽ റൂർഡ് നേടിയ ഗോൾ വാർ പരിശോധനക്ക് ശേഷം ആണ് അനുവദിക്കപ്പെട്ടത്. 85 മത്തെ മിനിറ്റിൽ തന്നെ ഡൊമനിക് ജാൻസൻ വീഴ്ത്തിയതിനു ലഭിച്ച പെനാൾട്ടി ലക്ഷ്യം കണ്ട അലക്സിയ പുറ്റലസ് ബാഴ്‌സലോണ ജയം ഉറപ്പിക്കുക ആയിരുന്നു. ഫൈനൽ ഉറപ്പിച്ചു ആണ് ബാഴ്‌സലോണ രണ്ടാം പാദത്തിനു ജർമ്മനിയിൽ പോവുക. നാളെ ഫ്രഞ്ച് ക്ലബുകൾ ആയ ലിയോണും പി.എസ്.ജിയും തമ്മിൽ ആണ് രണ്ടാം സെമിഫൈനൽ.