സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി സെമി ഫൈനലിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പഞ്ചാബിനെ കീഴ്പ്പെടുത്തി കൊണ്ട് കേരളം സെമി ഫൈനൽ ഉറപ്പിച്ചു. ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളുടെ ബലത്തിൽ 2-1 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്.

ഇന്ന് പഞ്ചാബിനെതിരെ മെല്ലെ തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചു. ആദ്യ പത്തു മിനുട്ടിൽ തന്നെ നല്ല രണ്ട് അവസരങ്ങൾ സൃഷ്ടിച്ച പഞ്ചാബ് 12ആം മിനുട്ടിൽ മന്വീർ സിങ്ങിലൂടെ കേരളത്തെ ഞെട്ടിച്ച് കൊണ്ട് ലീഡ് നേടി. മൻവീറിന്റെ ഷോട്ട് മിഥുന്റെ ദേഹത്ത് തട്ടി എങ്കിലും അവസാനം വലയിലേക്ക് തന്നെ എത്തി. ഈ ഗോളിന് ശേഷമാണ് കേരളം ഉണർന്നത്. കേരളം തുടർച്ചയായ ആക്രമണങ്ങൾ നടത്തി. ഇതോടെ കാണികളും ഉണർന്നു.Picsart 22 04 22 20 26 34 514

14ആം മിനുട്ടിൽ സൽമാന്റെ ഷോട്ട് പഞ്ചാബ് ഗോൾ കീപ്പർ തടഞ്ഞ് കോർണറാക്കി. പിന്നാലെ അർജുൻ ജയരാജിന്റെ ഒരു ഷോട്ടും പഞ്ചാബ് പ്രതിരോധത്തിന് ഭീഷണിയായി. അധികം വൈകാതെ കേരളം സമനില ഗോൾ നേടി. ഒരു ഷോർട്ട് കോർണറിൽ നിന്ന് അർജുൻ ജയരാജ് നൽകിയ ക്രോസ് ഒരു നല്ല ലീപിലൂടെ ഉയർന്ന് കേരള ക്യാപ്റ്റൻ ജിജോ ജോസഫ് ഹെഡ് ചെയ്ത് വലയിൽ ഇട്ടു. സ്കോർ 1-1. ജിജോ ജോസഫിന്റെ ടൂർണമെന്റിലെ നാലാം ഗോൾ.

22ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മൻവീറിലൂടെ പഞ്ചാബ് രണ്ടാം ഗോളും കണ്ടെത്തി‌. പക്ഷെ റഫറി ഓഫ്സൈഡ് വിളിച്ചത് കേരളത്തിന് ആശ്വാസമായി. 24ആം മിനുട്ടിൽ ജിജോയ്ക്ക് ഒരു അവസരം ലഭിച്ചു. പക്ഷെ ജിജോയുടെ ഫ്ലിക്ക് ടാർഗറ്റിലേക്ക് എത്തിയില്ല.

ആദ്യ പകുതിയുടെ മധ്യത്തിൽ വെച്ച് ഗോൾ കീപ്പർ മിഥുൻ പരിക്കേറ്റ് പുറത്ത് പോയത് കേരളത്തിന് തിരിച്ചടിയായി. പകരം ഹജ്മൽ സബ്ബായി എത്തി. 34ആം മിനുട്ടിൽ അർജുന്റെ ഒരു ഫ്രീകിക്ക് രക്ഷപ്പെടുത്താൻ ഹർപീതിന്റെ സേവ് വേണ്ടി വന്നു. അർജുൻ ജയരാജിന്റെ സെറ്റ് പീസുകൾ പഞ്ചാബിന് ഭീഷണി ആയി തുടർന്നു. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയും മടങ്ങി.

രണ്ടാം പകുതിയിൽ വിജയം നേടാൻ ആണ് രണ്ട് ടീമുകളും ശ്രമിച്ചത്. തുടർ ആക്രമണങ്ങൾ വന്നെങ്കിലും ഗോൾ വന്നില്ല. ഷിഗിലിന്റെയും നൗഫലിന്റെ ഗോൾ ശ്രമങ്ങൾ ഹർപീത് തട്ടിയകറ്റി. അവസാനം ജിജോ തന്നെ വേണ്ടി വന്നു കേരളത്തെ രക്ഷിക്കാൻ. 86ആം മിനുട്ടിൽ ബോക്സിൽ ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു ജിജോയിലേക്ക് പന്തെത്തി. അനായാസം ജിജോ പന്ത് വലയിലേക്കും എത്തിച്ചു. സ്കോർ 2-1. ജിജോയുടെ അഞ്ചാം ഗോൾ. പിന്നീട് കേരളം വിജയം ഉറപ്പിക്കുകയും ചെയ്തു.

ഈ വിജയത്തോടെ കേരളത്തിന് 4 മത്സരങ്ങളിൽ നിന്ന് 9 പോയിന്റായി. കേരളം ആണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള ബംഗാൾ രണ്ടാമത് നിൽക്കുന്നു. പഞ്ചാബിന് 3 പോയിന്റും മേഘാലയക്ക് 4 പോയിന്റുമാണ് ഉള്ളത്.