ഇങ്ങനെ ഒരു പോർച്ചുഗൽ പ്രകടനമായിരുന്നു ആരാധകർ എല്ലാം ആഗ്രഹിച്ചത്. ഇന്ന് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലാന്റിന് എതിരെ അത്ര വലിയ പ്രകടനവും അത്ര വലിയ വിജയവും പോർച്ചുഗൽ നേടി. ഒന്നിനെതിരെ ആറു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ ഇന്ന് നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്തത് പോർച്ചുഗലിന്റെ പവർ കൂട്ടുന്നതാണ് ഇന്ന് കണ്ടത്. റൊണാൾഡോക്ക് പകരം ടീമിൽ എത്തിയ ഗോൻസാലോ റാമോസ് ഹാട്രിക്ക് നേടി തിളങ്ങി.
ഇന്ന് റൊണാൾഡോ ഇല്ലാത്തതിന്റെ ക്ഷീണം ഒന്നും പോർച്ചുഗലിൽ ഉണ്ടായിരുന്നില്ല. പന്ത് കൈവശം വെച്ച് കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ച് മികച്ച താളത്തിൽ കളിക്കുന്ന പോർച്ചുഗലിനെ ആണ് ഇന്ന് കാണാൻ ആയത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ ആണ് സ്വിസ് നിരയെ ഞെട്ടിച്ച സ്ട്രൈക്കിലൂടെ റാമോസ് ഗോൾ നേടിയത്. ജാവോ ഫെലിക്സിൽ നിന്ന് പാസ് സ്വീകരിച്ച ഗോൺസാലോ റാമോസ് ആർക്കും വല കണ്ടെത്താൻ ആകില്ല എന്ന തോന്നിച്ച ആങ്കിളിൽ നിന്നാണ് ഇടം കാലൻ സ്ട്രൈക്കിലൂടെ ഗോൾ നേടിയത്.
ഇതിനു ശേഷവും പോർച്ചുഗലിൽ നിന്ന് നല്ല നീക്കങ്ങൾ വന്നു. 21ആം മിനുട്ടിൽ ഒറ്റാവിയോയുടെ ഷോട്ടും 22ആം മിനുട്ടിൽ റാമോസിന്റെ ഷോട്ടും യാൻ സോമർ തടഞ്ഞു.
30ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഷഖീരി ആദ്യമായി പോർച്ചുഗൽ ഗോളിയെ പരീക്ഷിച്ചു. വലിയ അപകടം ഇല്ലാതെ ആ അവസരം ഒഴിഞ്ഞു.
32ആം മിനുട്ടിൽ പെപെയിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്ന് ഒരു ഹൈ ലീപ് ഹെഡറിലൂടെ ആയിരുന്നു പെപെയുടെ ഗോൾ. സ്കോർ 2-0
38ആം മിനുട്ടിൽ സ്വിറ്റ്സർലാന്റിന് ലഭിച്ച ഗോളവസരം ഡിഗോ കോസ്റ്റയും ഡാലോട്ടും കൂടെ തടഞ്ഞു. ഇതായിരുന്നു സ്വിറ്റ്സർലാന്റിന്റെ ആദ്യ പകുതിയിലെ മികച്ച അവസരം. 43ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് റാമോസ് പോർച്ചുലിന്റെ ലീഡ് ഉയർത്തുന്നതിന് അടുത്ത് എത്തി. യാൻ സോമറിന്റെ സേവാണ് കളി 2-0ൽ തന്നെ നിർത്തിയത്.
രണ്ടാം പകുതിയിൽ പോർച്ചുഗൽ കൂടുതൽ ശക്തരായി. 51ആം മിനുട്ടിൽ റാമോസിന്റെ രണ്ടാം ഗോൾ വന്നു. വലതു വിങ്ങിൽ നിന്ന് ഡാലോട് കൊടുത്ത പാസ് ആണ് റാമോസ് ലക്ഷ്യത്തിൽ എത്തിച്ചത്. നാലു മിനുട്ടുകൾക്ക് ശേഷം ഗുറേറോയിലൂടെ പോർച്ചുഗലിന്റെ നാലാം ഗോളും വന്നു. റാമോസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 4-0
ഇതിനു ശേഷം ഒരു കോർണറിൽ നിന്ന് അകാഞ്ജി സ്വിറ്റ്സർലാന്റിന് ഒരു ഗോൾ നൽകി. ഇത് വെറും ആശ്വാസ ഗോൾ മാത്രമായി. 67ആം മിനുട്ടിൽ ആണ് റാമോസിന്റെ ഹാട്രിക്ക് വന്നത്. ജാവോ ഫെലിക്സിന്റെ പാസ് സ്വീകരിച്ച റാമോസ് ഒരു ചിപിലൂടെ യാൻ സോമ്മറിനെ കീഴ്പ്പെടുത്തി തന്റെ ഹാട്രിക്ക് തികച്ചു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ആയി ഇത്.
ഇതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫെർണാണ്ടോ സാന്റോസ് കളത്തിൽ എത്തിച്ചു. അപ്പോഴേക്കും പോർച്ചുഗൽ വിജയം ഉറപ്പായിരുന്നു. റൊണാൾഡോ ഒരു തവണ പന്ത് വലയിൽ എത്തിച്ചു എങ്കിലും അപ്പോൾ ഓഫ്സൈഡ് ആയിരുന്നു. ഇഞ്ച്വറി ടൈമിൽ റാഫേൽ ലിയാവോ കൂടെ പന്ത് വലയിൽ എത്തിച്ചതോടെ അവരുടെ വിജയം പൂർത്തിയായി.
ഇനി ക്വാർട്ടറിൽ മൊറോക്കോയെ ആകും പോർച്ചുഗൽ നേരിടുക. ഡിസംബർ 10നാകും ഈ മത്സരം.