പോച്ചെറ്റിനോയെ പരിശീലകനായി എത്തിക്കാൻ പുതിയ ന്യൂ കാസിൽ ഉടമകൾ ശ്രമം നടത്തുന്നതായി വാർത്തകൾ. കഴിഞ്ഞ നവംബറിൽ ടോട്ടൻഹാം പോച്ചെറ്റിനോയെ പുറത്താക്കിയത് മുതൽ അർജന്റീന പരിശീലകൻ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. പോച്ചെറ്റിനോക്ക് പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹമുണ്ടെന്നും ന്യൂ കാസിൽ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കുമെന്നും വാർത്തകൾ ഉണ്ട്.
പോച്ചെറ്റിനോ വന്നില്ലെങ്കിൽ മുൻ ന്യൂ കാസിൽ പരിശീലകനായ റാഫ ബെനിറ്റസിനെയും പുതിയ ന്യൂ കാസിൽ ഉടമകൾ നോക്കുന്നുണ്ട്. നിലവിലെ പരിശീലകൻ സ്റ്റീവ് ബ്രൂസ് ഈ സീസൺ അവസാനിക്കുന്നത് വരെ പരിശീലകനായി തുടരുമെന്നാണ് കരുതപ്പെടുന്നത്. ടോട്ടൻഹാമിൽ ഒരു മികച്ച ടീം ഉണ്ടാക്കുന്നതിൽ പോച്ചെറ്റിനോ വിജയിച്ചതാണ് ന്യൂ കാസിൽ ഉടമകൾക്ക് പോച്ചെറ്റിനോയെ പരിശീലകനാക്കാൻ താല്പര്യം ഉടലെടുത്തത്. നേരത്തെ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാൻ താൽപര്യമുണ്ടെന്ന് പോച്ചെറ്റിനോ പറഞ്ഞിരുന്നു.