ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേ ഓഫ്‌ഫൈനലിന് പോർച്ചുഗൽ യോഗ്യത നേടി. ഇന്ന് പ്ലേ ഓസ് സെമി ഫൈനലിൽ തുർക്കിയെ നേരിട്ട പോർച്ചുഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് തുടക്കത്തിൽ പോർച്ചുഗലിന്റെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. തുടക്കത്തിൽ തന്നെ നല്ല അവസരങ്ങൾ സൃഷ്ടിച്ച പോർച്ചുഗൽ 14ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഒടാവിയ ആണ് ഗോൾ നേടിയത്. താരത്തിന്റെ പോർച്ചുഗലിനായുള്ള ആദ്യ കോമ്പിറ്റിറ്റീവ് ഗോളായിരുന്നു ഇത്. ബെർണാഡോ സിൽവയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങവെ ആയിരുന്നു ഒടോവിയ ഗോൾ നേടിയത്.
ഈ ഗോളിന് ശേഷം തുർക്കി അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു. എങ്കിലും രണ്ടാം ഗോളും പോർച്ചുഗൽ ആണ് നേടിയത്. ആദ്യ പകുതിയുടെ അവസാനം ജോടയുടെ ഹെഡർ ആണ് ലീഡ് ഇരട്ടിയാക്കിയത്.
രണ്ടാം പകുതിയിൽ തുർക്കി അവസരങ്ങൾക്കായി കാത്തു നിന്നു. 65ആം മിനുട്ടിൽ യിൽമാസിലൂടെ തുർക്കി ഒരു ഗോൾ മടക്കി. പിന്നീട് പോർച്ചുഗൽ സമ്മർദ്ദത്തിൽ ആകുന്നത് ആണ് കാണാൻ ആയത്. ഈ സമ്മർദ്ദങ്ങൾ 83ആം മിനുട്ടിൽ പോർച്ചുഗൽ ഒരു പെനാൾട്ടി വഴങ്ങാൻ കാരണമായി. പോർച്ചുഗൽ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുകയാണ് എന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. പക്ഷെ ആ പെനാൾട്ടി എടുത്ത യിൽമാസിന് പിഴച്ചു. ഗോൾ പോസ്റ്റിന് മുകളിലൂടെ പെനാൾട്ടി കിക്ക് ആകാശത്തേക്ക് പോയി.
ഇതിനു ശേഷവും തുർക്കി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും സമനില ഗോൾ പിന്നീട് വന്നില്ല.അവസാന നിമിഷം നുനസ് കൂടെ ഗോൾ നേടിയതോടെ പോർച്ചുഗീസ് ജയം ഉറപ്പായി.
ഈ വിജയത്തോടെ പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിൽ എത്തി. മാസിഡോണിയയെ ആകും പോർച്ചുഗൽ ഇനി നേരിടുക.