2019 ൽ ആണ് ഫ്രഞ്ച് ടീം ആയ സെന്റ് എറ്റിനെ അക്കാദമി താരമായി വളർന്നു അവിടെ കളിച്ച 18 വയസ്സുകാരൻ വില്യം സാലിബയെ ആഴ്സണൽ ടീമിൽ എത്തിക്കുന്നത്. ആർക്കും അത്ര പരിചയം ഇല്ലെങ്കിൽ ഫ്രഞ്ച് ഫുട്ബോൾ ആരാധകർ ഭാവിയുടെ താരം എന്നു വിളിച്ച സാലിബയിൽ അന്ന് തന്നെ ആഴ്സണലും ആരാധകർ ഏറെ പ്രതീക്ഷകൾ ആണ് വച്ചു പുലർത്തിയത്. ആറാം വയസ്സിൽ സാക്ഷാൽ കിലിയൻ എമ്പപ്പെയുടെ അച്ഛന്റെ പരിശീലനത്തിൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ സാലിബ ഫ്രഞ്ച് ലീഗ് വണ്ണിൽ സെന്റ് എറ്റിനെ ആയി 13 മത്സരങ്ങൾ മാത്രം കളിച്ചു നിൽക്കുമ്പോൾ ആണ് ആഴ്സണൽ ടീമിൽ എത്തിക്കുന്നത്. തുടർന്ന് താരത്തെ ആഴ്സണൽ 2019-2020 സീസണിൽ സെന്റ് എറ്റിനെയിലേക്ക് തന്നെ ലോണിൽ അയച്ചു. ആ സീസണിൽ ടീമിനെ കോപ ഡി ഫ്രാൻസ് ഫൈനലിൽ എത്തിച്ചു എങ്കിലും സാലിബക്ക് അവരും ആയുള്ള ലോൺ കരാർ രണ്ടാഴ്ച മുമ്പ് അവസാനിച്ചതിനാൽ ഫൈനൽ കളിക്കാൻ ആയില്ല.
2019 ൽ ഏതാണ്ട് 27 മില്യൺ കരാറിൽ 5 വർഷത്തേക്ക് ടീമിൽ എത്തിച്ച താരത്തെ സെന്റ് എറ്റിനെയിൽ നിന്നു തിരിച്ചു എത്തിയ ശേഷം ആദ്യം ടീമിൽ ഉപയോഗിക്കാൻ തന്നെയായിരുന്നു ആഴ്സണൽ തീരുമാനം. 2020-21 പ്രീ സീസണിൽ എം.കെ ഡോൺസിന് എതിരെ താരം അരങ്ങേറ്റവും കുറിച്ചു. കമ്യൂണിറ്റി ഷീൽഡിൽ ലിവർപൂളിന് എതിരായ മത്സരത്തിൽ ആർട്ടെറ്റ താരത്തെ ടീമിൽ ഉൾപ്പെടുത്തി എങ്കിലും മത്സരത്തിൽ ഉപയോഗിച്ചില്ല. തുടർന്ന് ആഴ്സണൽ അണ്ടർ 23 ടീമിനൊപ്പം കളിക്കാൻ തുടങ്ങിയ സാലിബ പാപ്പ ജോൺസ് ട്രോഫി മത്സരത്തിൽ എ.എഫ്.വിംബിൾഡണിനോട് ചുവപ്പ് കാർഡ് വാങ്ങുകയും ചെയ്തു. താരത്തിന്റെ പ്രകടനത്തിൽ തൃപ്തി വരാത്ത ആർട്ടെറ്റ താരത്തെ ഒരിക്കൽ കൂടി ലോണിൽ അയക്കാൻ തീരുമാനിച്ചു. എന്നാൽ ആഴ്സണൽ പരിശീലകൻ താൻ കളിക്കുന്നത് ഒരിക്കൽ പോലും കാണാതെയാണ് തീരുമാനം എടുത്തത് എന്നു പിന്നീട് സാലിബ തുറന്നടിക്കുന്നുണ്ട്. 2021 ൽ ജനുവരിയിൽ ആറു മാസത്തെ ലോൺ കരാറിൽ താരം ഫ്രഞ്ച് ക്ലബ് നീസിൽ എത്തി. ഉഗ്രൻ പ്രകടനം കൊണ്ടു നീസിന്റെ ജനുവരിയിലെ മികച്ച താരവും ആയി സാലിബ.
2021-22 സീസണിലും സാലിബയെ ടീമിൽ നിലനിർത്താൻ ആർട്ടെറ്റ തയ്യാറായില്ല. ഇത്തവണ ഫ്രഞ്ച് സഹതാരം മാറ്റിയോ ഗുന്റോസിക്ക് ഒപ്പം താരത്തെ ആഴ്സണൽ ഒളിമ്പിക് മാഴ്സയിലേക്ക് ലോണിൽ അയച്ചു. മാഴ്സയിൽ സാമ്പോളിക്ക് കീഴിയിൽ തന്റെ കരിയർ മാറ്റിയെഴുതുന്ന പ്രകടനം ആണ് കഴിഞ്ഞ സീസണിൽ താരം പുറത്ത് എടുത്തത്. അവർക്ക് ആയി സീസണിൽ 52 കളികൾ കളിച്ച സാലിബ അവരെ യുഫേഫ കോൺഫറൻസ് ലീഗ് സെമിയിൽ എത്തിക്കുന്നതിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി നൽകുന്നതിലും നിർണായക പങ്ക് വഹിച്ചു. ഫ്രഞ്ച് ലീഗ് വണ്ണിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട സാലിബ ഫ്രഞ്ച് ലീഗ് വണ്ണിലെ ഈ സീസണിലെ ടീമിലും ഇടം പിടിച്ചു. പി.എസ്.ജിക്ക് എതിരെ സാക്ഷാൽ ലയണൽ മെസ്സി, നെയ്മർ തന്റെ ബാല്യകാല സുഹൃത്ത് കിലിയൻ എമ്പപ്പെ എന്നിവർക്ക് എതിരെ മതില് പോലെ നിന്ന സാലിബയുടെ പ്രകടനം എല്ലാവരും വാഴ്ത്തി. അതിനിടെയിൽ മാർച്ചിൽ പരിക്കേറ്റ ബെഞ്ചമിൻ പവാർഡിനു പകരം ഫ്രഞ്ച് ദേശീയ ടീമിലും സാലിബ എത്തി. അതിനു ശേഷം ഫ്രാൻസിന് ആയി 5 മത്സരങ്ങളിലും താരം കളിച്ചു.
എന്നാൽ ഇതൊക്കെ താരത്തെ ആഴ്സണൽ നിലനിർത്താൻ ഉതകുമോ എന്ന സംശയം പല ആഴ്സണൽ ആരാധകർക്കും ഉണ്ടായിരുന്നു. പരിശീലകൻ മൈക്കിൾ ആർട്ടെറ്റ സാലിബയിൽ തൃപ്തൻ അല്ല എന്നത് തന്നെയായിരുന്നു ഇതിൽ പ്രധാന കാരണം. ഒപ്പം കഴിഞ്ഞ സീസണിൽ തിളങ്ങിയ ഗബ്രിയേൽ, ബെൻ വൈറ്റ് പ്രതിരോധ കൂട്ടുകെട്ട് ആർട്ടെറ്റ മാറ്റുമോ എന്നതും സംശയം ആയിരുന്നു. ഒപ്പം തനിക്ക് ആദ്യ പതിനൊന്നിൽ കളിക്കാൻ ആണ് താൽപ്പര്യം പകരക്കാരനാവില്ല എന്നും സാലിബ തുറന്നു പറഞ്ഞു. എന്നാൽ ഗുന്റോസിക്ക് പിന്നാലെ സാലിബയെയും സ്വന്തമാക്കാൻ മാഴ്സ രംഗത്ത് വന്നപ്പോൾ അതിശക്തമായി ആഴ്സണൽ ആ നീക്കങ്ങൾ നിരസിച്ചു. സാലിബയെ ടീമിൽ നിലനിർത്താൻ സാധിക്കാത്ത നിരാശയിൽ സാമ്പോളി മാഴ്സ പരിശീലകപദവി ഒഴിയുന്നതും പിന്നീട് കണ്ടു. പ്രീ സീസണിൽ ആർട്ടെറ്റയുടെ മനസ്സ് പൂർണമായും കീഴടക്കിയ പ്രകടനം ആണ് സാലിബയിൽ നിന്നു ഉണ്ടായത്. വൈറ്റിനെ വലത് ബാക്ക് ആക്കിയ ആർട്ടെറ്റ ഗബ്രിയേൽ, സാലിബ എന്നിവരെ സെന്റർ ബാക്ക് ആക്കി കളി മെനഞ്ഞു. പ്രീ സീസണിൽ ഗോൾ വഴങ്ങിയില്ലെങ്കിലും സാലിബ പ്രീമിയർ ലീഗിന്റെ വേഗത്തോടും കായിക പരീക്ഷണത്തിനോടും ഇണങ്ങുമോ എന്നത് ആയിരുന്നു പ്രധാനചോദ്യം.
പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ആഴ്സണലിന് ക്രിസ്റ്റൽ പാലസ് എന്ന വെല്ലുവിളി ആണ് ലഭിച്ചത്. അവരുടെ മൈതാനത്ത് വേഗത കൊണ്ടും ശാരീരിക മികവ് കൊണ്ടും ഏത് ടീമിനെയും വെള്ളം കുടിപ്പിക്കുന്ന പാട്രിക് വിയേരയുടെ സംഘം സാലിബക്ക് വലിയ പരീക്ഷണം തന്നെയായിരുന്നു. ആദ്യ പകുതിയിലെ ആഴ്സണൽ മികവിന് ശേഷം പാലസ് അതിശക്തമായി നിരന്തരം ആക്രമണങ്ങൾ നടത്തിയപ്പോൾ ശാന്തമായി അതിനെ പ്രതിരോധിക്കുന്ന വില്യം സാലിബ ഒരു കാഴ്ച തന്നെയായിരുന്നു വർഷങ്ങളായി പ്രീമിയർ ലീഗിൽ കളിക്കുന്ന താരത്തെ പോലെ സാലിബ തോന്നിപ്പിച്ചു. വായുവിൽ എല്ലാ ബോളും വിജയിച്ച സാലിബ, 7 ക്ലിയറൻസും, 5 ലോങ് ബോളും, ഒരു ബ്ലോക്കും, 94 ശതമാനം കൃത്യതയോടെ 46 പാസുകളും ആണ് മത്സരത്തിൽ നൽകിയത്. ഒരു തവണ പോലും പാലസ് താരത്തെ സാലിബ ഫൗൾ ചെയ്തില്ല.
രണ്ടര വർഷം കാത്തിരുന്ന ആഴ്സണൽ അരങ്ങേറ്റത്തിനു ശേഷം കളിയുടെ കേമൻ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരിക്കലും എളുപ്പമുള്ള മത്സരം ആയിരുന്നില്ല ഇത് എന്നാണ് സാലിബ പ്രതികരിച്ചത്. സാലിബ യുവ റിയോ ഫെർണിണ്ടാന്റിനെ ഓർമ്മിപ്പിക്കുന്നു എന്നു ഗാരി നെവിൽ പ്രതികരിച്ചപ്പോൾ താരത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരാൻ ആരംഭിച്ചു ലിവർപൂൾ പ്രതിരോധതാരം വിർജിൽ വാൻ ഡെയ്ക്. എന്നാൽ തന്നിൽ തൃപ്തി ഇല്ലെന്നു പറഞ്ഞ മൈക്കിൾ ആർട്ടെറ്റയെ കൊണ്ട് താൻ മികച്ചവൻ ആണ് എന്ന് തിരുത്തി പറയിപ്പിച്ച സാലിബ തന്റെ ക്ലാസ് തന്നെ സംശയിച്ചവർക്ക് മുന്നിൽ എടുത്തു കാണിക്കുകയാണ്. ഒരിക്കലും ഒരു മത്സരം കൊണ്ടു ഒരു താരത്തെയും അളക്കാൻ ആവില്ല, ഉറപ്പായും സാലിബ ഇനി വരുന്ന മത്സരങ്ങളിൽ ചിലതിൽ പിഴവുകൾ വരുത്തും ചിലപ്പോൾ ചുവപ്പ് കാർഡ് വഴങ്ങും സാലിബക്ക് ഇനിയും പഠിക്കാൻ ഒരുപാട് ഉണ്ട് എന്നാൽ ഈ മത്സരം സാലിബ എന്ന 21 കാരന്റെ മികവ് ലോകത്തിനു കാണിച്ചു തരുന്നുണ്ട്. ആഴ്സണലിന് ഇനിയും ഒരുപാട് കാര്യങ്ങൾ വില്യം സാലിബയിൽ നിന്നു പ്രതീക്ഷിക്കാം എന്നത് തന്നെയാണ് വാസ്തവം.