ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ ലീഡ്സ് യുണൈറ്റഡ് തങ്ങളുടെ പരിശീലകൻ മാഴ്സെല ബിയെൽസയും ആയുള്ള ബന്ധം അവസാനിപ്പിച്ചത് ആയി റിപ്പോർട്ടുകൾ. ഇതിഹാസ അർജന്റീന പരിശീലകനെ ലീഡ്സ് പുറത്താക്കി എന്നാണ് സൂചന. നിലവിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്സിന്റെ തുടർച്ചയായ മോശം പ്രകടനങ്ങൾ ആണ് ബിയെൽസക്ക് വിനയായത്. നിലവിൽ അവസാന മൂന്നിൽ നിന്നു 2 പോയിന്റുകൾ മാത്രം കൂടുതൽ നേടിയ ലീഡ്സ് 16 സ്ഥാനത്ത് ആണ്. സീസണിൽ 26 മത്സരങ്ങളിൽ നിന്നു 60 ഗോളുകൾ ആണ് ലീഡ്സ് വഴങ്ങിയത്. അതിൽ 14 എണ്ണവും കഴിഞ്ഞ മൂന്നു കളികളിൽ ആണ് അവർ വഴങ്ങിയത്. ലീഗിൽ ഏറ്റവും മോശം പ്രതിരോധവും അവരുടേത് ആണ്.
പ്രധാന താരങ്ങളുടെ പരിക്കും തന്റെ സ്വാഭാവിക ശൈലിയായ ആക്രമണ ഫുട്‌ബോൾ തന്നെ കളിക്കാനുള്ള ബിയെൽസയുടെ വാശിയും ഈ പ്രതിരോധ പിഴവിന് പ്രധാന കാരണം ആണ്. പുറത്ത് പോയാലും ഒന്നര പതിറ്റാണ്ടിനു ശേഷം ലീഡ്സിനെ പ്രീമിയർ ലീഗിൽ തിരിച്ചു എത്തിച്ചതിനു ലീഡ്സ് ആരാധകർ എന്നും അർജന്റീനയുടെ ഇതിഹാസ പരിശീലകനോട് കടപ്പെട്ടിരിക്കും. ഇതോടൊപ്പം ബിയെൽസയുടെ ആക്രമണ ഫുട്‌ബോൾ ഫുട്‌ബോൾ ആരാധകർക്ക് എന്നും ഒരു വിരുന്നു തന്നെയായിരുന്നു. ബിയെൽസക്ക് പകരക്കാനായി മുൻ ആർ.ബി ലൈപ്സിഗ് പരിശീലകൻ ജെസ്സി മാർഷിനെ ലീഡ്സ് നിയമിക്കും എന്നാണ് സൂചന. ലീഡ്സിനെ പ്രീമിയർ ലീഗിൽ നിലനിർത്തുക എന്ന വലിയ കടമ്പ ആയിരിക്കും അമേരിക്കൻ പരിശീലകനു മുന്നിൽ ഉണ്ടായിരിക്കുക.