പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ലിവർപൂൾ. പ്രതീക്ഷിച്ചതിലും കടുത്ത പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 3-2 നു തോൽപ്പിച്ച് ആണ് ലിവർപൂൾ തങ്ങളുടെ വിജയക്കുതിപ്പ് തുടർന്നത്. ജയത്തോടെ പ്രീമിയർ ലീഗിലെ 18 മത്തെ മത്സരം തുടർച്ചയായി ജയിച്ച അവർ ഈ റെക്കോർഡിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമെത്തി. കൂടാതെ ആൻഫീൽഡിലെ 54 മത്തെ മത്സരം ആയിരുന്നു അവർ പരാജയമറിയാതെ പൂർത്തിയാക്കുന്നത്. കൂടാതെ പരാജയമറിയാതെ 44 മത്തെ പ്രീമിയർ ലീഗ് മത്സരം ആണ് അവർ പൂർത്തിയാക്കുന്നത്. പതിവ് പോലെ സ്വന്തം മൈതാനത്ത് ആക്രമിച്ച് കളിച്ച ലിവർപൂൾ 25 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്, എന്നാൽ ഇതിൽ 7 എണ്ണം മാത്രമെ അവർക്ക് ലക്ഷ്യത്തിലേക്ക് അടിക്കാൻ സാധിച്ചുള്ളൂ.
9 മിനിറ്റിൽ അലക്‌സാണ്ടർ അർണോൾഡിന്റെ ക്രോസിൽ നിന്നു വെസ്റ്റ് ഹാം പ്രതിരോധത്തിലെ ആശങ്ക മുതലെടുത്ത വൈനാൾഡൻ ലിവർപൂളിനു ലീഡ് സമ്മാനിച്ചു. എന്നാൽ 3 മിനിറ്റിനുള്ളിൽ സ്നോഡ്ഗ്രാസിന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ ഗോൾ നേടിയ ഇസ ഡിയോപ്പ് ലിവർപൂളിനെ ഞെട്ടിച്ചു. ഇതിനിടയിൽ വാൻ ഡെയ്ക്കിന്റെ ഹെഡാർ ബാറിൽ തട്ടി മടങ്ങിയത് അടക്കം നിരവധി അവസരങ്ങൾ ലിവർപൂൾ ഉണ്ടാക്കി എങ്കിലും ഒന്നും ഗോൾ ആയില്ല. സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 54 മിനിറ്റിൽ അപ്രതീക്ഷിതമായി റൈസിന്റെ ക്രോസിൽ ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ ഫോർനാൽസ് ലിവർപൂളിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. തുടർന്ന് വെസ്റ്റ് ഹാം പ്രതിരോധം ലക്ഷ്യമാക്കി ലിവർപൂൾ കുതിച്ചു.
68 മിനിറ്റിൽ റോബർട്ട്സന്റെ പാസിൽ നിന്ന് സലാഹ് അടിച്ച ദുർബലമായ ഷോട്ട് കയ്യിൽ ഒതുക്കുന്നതിൽ ലൂക്കാസ് ഫാബിയാൻസ്കി പരാജയപ്പെട്ടപ്പോൾ ലിവർപൂൾ സമനില ഗോൾ ആഘോഷിച്ചു. സമനില ഗോളിന് ശേഷം തിരമാല കണക്കെ വന്ന ലിവർപൂൾ മുന്നേറ്റം വെസ്റ്റ് ഹാമിനു പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതിന്റെ ഫലമായി 81 മിനിറ്റിൽ അർണോൾഡിന്റെ പാസിൽ വലകുലുക്കിയ സാദിയോ മാനെ ലിവർപൂളിന് ഒരിക്കൽ കൂടി ജയം സമ്മാനിച്ചു. തുടർന്ന് 86 മിനിറ്റിൽ അർണോൾഡിന്റെ പാസിൽ വലകുലുക്കിയ സാദിയോ മാനെ വല കുലുക്കി എങ്കിലും വാറിലൂടെ അത് ഓഫ് സൈഡ് ആണെന്ന് വിധിക്കപ്പെടുകയായിരുന്നു. ജയത്തോടെ ലിവർപൂൾ 79 പോയിന്റുകളും ആയി ഒന്നാമത് തുടരുമ്പോൾ 24 പോയിന്റുകൾ ഉള്ള വെസ്റ്റ് ഹാം 18 സ്ഥാനത്ത് തരം താഴ്‌ത്തൽ ഭീഷണിയിൽ തുടരും.