പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിൽ ജയം തുടർന്ന് ആഴ്‌സണൽ. ആവേശകരമായ മത്സരത്തിൽ സ്വന്തം മൈതാനത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ആഴ്‌സണൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചത്. ആഴ്‌സണലിന് ആയി സ്വന്തം മൈതാനത്തിൽ അരങ്ങേറ്റം കുറിച്ച ഗബ്രിയേൽ ജീസുസിന്റെ അതുഗ്രൻ പ്രകടനം ആണ് ആഴ്‌സണലിന് വലിയ ജയം സമ്മാനിച്ചത്. തുടക്കത്തിൽ ഇരു ടീമുകളും നന്നായി തന്നെയാണ് തുടങ്ങിയത്. ഇടക്ക് ഫൊഫാനയുടെ ശ്രമം റാംസ്ഡേൽ രക്ഷിച്ചു. ഇടക്ക് ശാക്കയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. ഇതിനു പിന്നാലെ ആഴ്‌സണലിന്റെ ഗോൾ പിറന്നു. മികച്ച ഒരു ടീം ഗോൾ ആയിരുന്നു ഇത്. മാർട്ടിനെല്ലിയും ആയി നടത്തിയ കൊടുക്കൽ വാങ്ങലുകൾക്ക് ശേഷം ശാക്കയുടെ പാസിൽ നിന്നു ജീസുസ് 23 മത്തെ മിനിറ്റിൽ ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ നേടി. അവിശ്വസനീയം എന്നു വിളിക്കാവുന്ന മനോഹരമായ ഷോട്ട് ലെസ്റ്റർ വലയിൽ ബ്രസീലിയൻ താരം എത്തിച്ചു.
തുടർന്നും അതിമനോഹരമായ ഫുട്‌ബോൾ ആണ് ആഴ്‌സണൽ പുറത്ത് എടുത്തത്. മാർട്ടിനെല്ലിയുടെ കോർണറിൽ നിന്നു വാർഡിയുടെ ഹെഡറിൽ നിന്നു ലഭിച്ച പന്ത് ജീസുസ് ഹെഡറിലൂടെ ഗോൾ ആക്കി മാറ്റുക ആയിരുന്നു. തുടർന്ന് ഹാട്രിക് നേടാൻ മികച്ച മൂന്നു അവസരങ്ങൾ ജീസുസിന് ലഭിച്ചെങ്കിലും താരത്തിന് മുതലെടുക്കാൻ ആയില്ല. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ലെസ്റ്റർ സിറ്റിക്ക് അനുകൂലമായി റഫറി പെനാൽട്ടി വിളിച്ചു എങ്കിലും റാംസ്ഡേൽ വാർഡിയെ വീഴ്ത്തിയത് ഫൗൾ അല്ല എന്ന് വാറിലൂടെ റഫറി വിധി തിരുത്തി പെനാൽട്ടി അനുവദിച്ചില്ല. രണ്ടാം പകുതിയിൽ തുടക്കത്തിൽ ലെസ്റ്റർ സിറ്റിയുടെ മറുപടി ഗോൾ പിറന്നു. ജസ്റ്റിന്റെ ഹെഡർ തിരിച്ചു റാംസ്ഡേലിന് ഹെഡ് ചെയ്യാനുള്ള വില്യം സാലിബയുടെ ശ്രമം പിഴച്ചപ്പോൾ സെൽഫ് ഗോൾ പിറന്നു. എന്നാൽ ഗോൾ വഴങ്ങി തൊട്ടടുത്ത നിമിഷം ആഴ്‌സണൽ ഗോൾ തിരിച്ചടിച്ചു.
ഗോൾ കീപ്പർ വാർഡിന്റെ പിഴവ് ആഴ്‌സണലിന് അനുഗ്രഹം ആയി. ജീസുസിന്റെ പാസിൽ നിന്നു ഗ്രാനിറ്റ് ശാക്ക തനിക്ക് മത്സരത്തിൽ അർഹതപ്പെട്ട ഗോൾ നേടി. പലപ്പോഴും ഗോളിന് അടുത്ത് എത്തിയ താരത്തിന്റെ ഗോൾ പിറന്നതിനു ശേഷവും ആഴ്‌സണൽ ഗോൾ വഴങ്ങി. ഇത്തവണ 74 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഇഹനാചോയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ ജെയിംസ് മാഡിസൺ ലെസ്റ്ററിന് രണ്ടാം ഗോളും സമ്മാനിച്ചു. എന്നാൽ ഗോൾ വഴങ്ങി തൊട്ടടുത്ത നിമിഷം തന്നെ ആഴ്‌സണൽ വീണ്ടും ഗോൾ തിരിച്ചടിച്ചു. ജീസുസിന്റെ പാസിൽ നിന്നു സ്വയം ഒരുക്കിയ അവസരത്തിൽ നിന്നു ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്‌സണൽ ജയം ഉറപ്പിച്ചത്. അദ്ധ്വാനിച്ചു കളിച്ച താരത്തിന്റെ തുടർച്ചയായ രണ്ടാം മത്സരത്തിലെ ഗോൾ ആയിരുന്നു ഇത്. മത്സരത്തിൽ തുടർന്നും ഹാട്രിക് നേടാൻ ജീസുസിന് അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലെടുക്കാൻ ആയില്ല. തന്റെ മികവ് ഇനിയും പ്രീമിയർ ലീഗ് കാണും എന്ന ശക്തമായ സൂചന തന്നെയാണ് ഇന്ന് ഗബ്രിയേൽ ജീസുസ് പുറത്തെടുത്തത്.
Story highlight : Gabriel Jesus with 2 goals and 2 assists gave a great win for Arsenal against Leicester City in Premier League.